ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി

Written by Taniniram

Published on:

കൊച്ചി: നടി ഹണി റോസ് നല്‍കിയ കേസില്‍ പ്രതിയായി ആറ് ദിവസമായി ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തിയായി എതിര്‍ത്തു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടണമെന്ന കോടതിയുടെ ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് തന്നെ ബോബി ജയില്‍ മോചിതനായേക്കും.

See also  ബോബി ചെമ്മണ്ണൂർ കുടുങ്ങി, ജാമ്യഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി; മാറ്റിവച്ചു

Leave a Comment