കൊച്ചി: ചലച്ചിത്രതാരം ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്ത്രീതത്വ അപമാനിക്കുന്ന അശ്ലീല കമന്റിട്ടവര്‍ കുടുങ്ങും. നടി നല്‍കിയ പരാതിയില്‍ പോലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്. ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ തുറന്നെഴുത്തിന് പിന്നാലെയാണ് ഹണി റോസിനെതിരെ ആരോപണ വിധേയനായ വ്യക്തിയെ അനുകൂലിക്കുന്നവര്‍ സൈബര്‍ ആക്രമണവും മോശം കമന്റിട്ട് അവഹേളിക്കാനും നീക്കം തുടങ്ങിയത്. തുടര്‍ന്ന് രാത്രിയോടെ നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല കമന്റുകളിട്ടവരെ രാത്രി തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ഇവരുടെ ലൊക്കേഷനും ഫോണ്‍ നമ്പരും ശേഖരിച്ചാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്.
30 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തി അറസ്റ്റ് നടത്തിയത്. അറസ്റ്റിലായ ആളെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. പൊതുവേദികളില്‍ പിന്തുടര്‍ന്ന് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആയിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ വ്യക്തി പല ചടങ്ങുകള്‍ക്കും പിന്നീട് ക്ഷണിച്ചിട്ട് പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഇതിന്റെ പ്രതികാരമായി താന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വ്വം വരാന്‍ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്ന് ആയിരുന്നു നടിയുടെ പോസ്റ്റ്. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയെയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോയെന്നും ഹണി റോസ് ചോദിച്ചിരുന്നു.