കോഴിക്കോട്: അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. അര്‍ജുന്റെ അന്ത്യയാത്ര കാണാന്‍ ആയിരങ്ങളാണ് വഴി നീളെ കാത്തു നിന്നത്. യാത്രയ്ക്കൊടുവില്‍ കണ്ണാടിക്കലിലെ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് അര്‍ജുന്‍ മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു.
അര്‍ജുന്റെ മൃതദേഹം പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്. 72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിച്ചു.
രാവിലെ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കമൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികള്‍ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും