Saturday, April 5, 2025

പ്രസവിച്ച ഉടൻ കുഞ്ഞ്‌ കരഞ്ഞു , കുഴിച്ചുമൂടാൻ കാമുകന് കൈമാറിയത് 24 മണിക്കൂറിനു ശേഷം ; കൊലപാതകമെന്ന സംശയത്തിൽ പോലീസ്

Must read

- Advertisement -

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തെങ്കിലും കേസില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല.

കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22), തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24) എന്നിവരെയും മറവു ചെയ്യാന്‍ സഹായിച്ച തകഴി ജോസഫ് ഭവനില്‍ അശോക് ജോസഫ് (30)നെയും ആലപ്പുഴ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡോണയെ മജിസ്‌ട്രേട്ട് അവിടെയെത്തിയാണു റിമാന്‍ഡ് ചെയ്തത്.തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.

കഴിഞ്ഞ ഏഴിനു പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടില്‍വെച്ചാണ് ഡോണ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹം തകഴി കുന്നുമ്മയില്‍ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം യുവതിയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി വലിയചുടുകാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതില്‍ വ്യക്തത വന്നില്ല.

കേസില്‍ ഡോണയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ണായക മൊഴിയും പോലീസിന് ലഭിച്ചു. കുഞ്ഞു ജനിച്ചപ്പോള്‍ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായാണ് ഡോക്ടര്‍ പറയുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറുടെ മൊഴി.

ഭാരതീയ ന്യായസംഹിത 93, 3(5), 91, 94, 258 വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് എന്നിവ പ്രകാരമാണു കേസ്. 12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ അച്ഛനുമമ്മയും ചേര്‍ന്ന് ഉപേക്ഷിക്കുക, ഇതിന് മറ്റുള്ളവരുടെ സഹായം തേടുക തുടങ്ങിയവയ്ക്കെതിരേയുള്ള വകുപ്പുകളാണു ചേര്‍ത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരപ്രകാരം വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കും.

അതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് പൂച്ചാക്കല്‍ എസ്.എച്ച്.ഒ. എന്‍.ആര്‍. ജോസ് പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു.

പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ കാമുകന്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍, അതു തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെയാണ് കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

കുഞ്ഞ് ആദ്യം കരഞ്ഞുവെന്നും പിന്നീട് അനക്കമില്ലാതായെന്നുമാണ് യുവതി പോലീസിനോടു പറഞ്ഞത്. കൊണ്ടുപോകുമ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്നാണ് മറ്റു രണ്ടു പ്രതികളുടെയും മൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

See also  മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്ന് ഹൈക്കോടതി, മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ അനുവദിക്കരുതെന്നും കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article