കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയില്‍ വെച്ചാണ് ഡോ. ശ്രീക്കുട്ടി അജ്മലുമായി പരിചയപ്പെടുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു പരിചയം. ഈ പരിചയം അതിവേഗം വളരുകയായിരുന്നു. പ്രതിക്ക് ശ്രീക്കുട്ടി സാമ്പത്തിക സഹായം ചെയ്തിരുന്നതായും സൂചനയുണ്ട്. അതേസമയം അജ്മല്‍ സാമ്പത്തിക താല്‍പ്പര്യം കൊണ്ടാണോ യുവതിയുമായി അടുത്തത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തോടെ വനിതാ ഡോക്ടറുടെ കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആകുന്ന അവസ്ഥയാണ് സംജാതമായത്.
നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അജ്മല്‍ താന്‍ നൃത്താധ്യാപകന്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് ശ്രീക്കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നൃത്തപഠനവും നടത്തിയിരുന്നു.
തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നിരുന്നത്. ശ്രീക്കുട്ടിയ്‌ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണിവര്‍. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വാഹനമിടിച്ചു തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂര്‍വം കാര്‍ കയറ്റിയിറക്കി നിര്‍ത്താതെ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അജ്മല്‍ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്