ആർ .എസ്.എസ്.നേതാവിനെ തൃശ്ശൂരിൽ വച്ച് എഡിജിപി കണ്ടു; സ്വകാര്യ സന്ദർശനമെന്ന് അജിത്കുമാർ

Written by Taniniram

Published on:

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശ്ശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹോട്ടലില്‍ ആരെ കണ്ടെന്നു കണ്ടെത്താനായില്ല. ആറ്റുകാല്‍ സ്വദേശിയാണ് അജിത് കുമാര്‍. തൊട്ടടുത്ത് കൈമനത്താണ് വിജ്ഞാന്‍ ഭാരതിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ജയകുമാറിന്റെ വീട്. തനിക്കൊപ്പം പഠിച്ച ആളുമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. അങ്ങനെ എങ്കില്‍ അജിത് കുമാറും ജയകുമാറും ഒരുമിച്ച് പഠിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്. ഒരു ജില്ലാ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനാണ് ജയകുമാര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയുടെ അടുത്ത ബന്ധുവും. സഹപാഠിക്കൊപ്പമാണ് പോയതെന്നാണ് അജിത് കുമാര്‍ നല്‍കുന്ന വിശദീകരണം.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതര്‍ പറയുന്നു. ഇതു സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന് അജിത് കുമാറും സമ്മതിക്കുമ്പോള്‍ ഇനിയും പ്രതിപക്ഷം കൂടിക്കാഴ്ച വിവാദമാക്കും. തൃശൂര്‍ പൂരം കലക്കാനായിരുന്നു കൂടിയാലോചനയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതും പോലീസ് മേധാവിയുടെ നേതൃത്വത്തിലെ സംഘം അന്വേഷിക്കും.

Related News

Related News

Leave a Comment