മസ്കറ്റ് (Muscut) : എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം മുപ്പതിനായിരം അടി ഉയരത്തില്‍ പറന്നപ്പോൾ യുവതി പ്രസവിച്ചു. (A woman gave birth to a baby while an Air India Express plane was flying at an altitude of 30,000 feet.) മസ്കറ്റില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിലാണ് തായ്‍ലന്‍ഡ് സ്വദേശിനി കുഞ്ഞിന് ജന്മം നല്‍കിയത്.
വിമാനത്തില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ക്യാബിന്‍ ക്രൂവും നഴ്സും ചേര്‍ന്ന് പരിചരിച്ചു. പൈലറ്റ് ഉടന്‍ തന്നെ എയര്‍ ട്രാഫിക് കൺട്രോളില്‍ വിവരം അറിയിക്കുകയും മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍ഗണന ആവശ്യപ്പെടുകയുമായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ സംഘവും ആംബുലന്‍സും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പം എയര്‍ലൈന്‍റെ ഒരു വനിതാ ജീവനക്കാരിയും ഉണ്ടായിരുന്നു. കോക്പിറ്റ് ക്രൂ, ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, മെഡിക്കല്‍ സംഘം, വിമാനത്താവള അധികൃതര്‍ എന്നിവരുടെ തടസ്സരഹിതമായ ഏകോപനത്തെ എയര്‍ ഇന്ത്യ എക്സ്‍പ്രസ് പ്രശംസിച്ചു.
തായ് യുവതിയുടെ യാത്രക്കായി എയര്‍ലൈന്‍ മംബൈയിലെ തായ്ലന്‍ഡ് കോൺസുലേറ്റ് ജനറലുമായും ബന്ധപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ആഷിഷ് വാഗാനി, ക്യാപ്റ്റന്‍ ഫറാസ് അഹ്മദ്, സീനിയര്‍ ക്യാബിന്‍ ക്രൂ സ്നേഹ നാഗ, ക്യാബിന്‍ ക്രൂ ഐശ്വര്യ ഷിര്‍കെ, ആസിയ ഖാലിദ്, മുസ്കാന്‍ ചൗഹാന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍.