പ്രവാസി മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കി ആർ ജെ ലാവണ്യ വിട വാങ്ങി…

Written by Web Desk1

Published on:

ദുബായ് (Dubai) : ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു.

വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്‍റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്‌. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോ കേരളം 1476എ എം ടീം അംഗങ്ങൾ അഗാധമായ ദു‌ഖം രേഖപ്പെടുത്തി. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്‍റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

Related News

Related News

Leave a Comment