സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. (Gold prices rose sharply in the state today) ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,760 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു.
360 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6275 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.