സ്വര്‍ണവിലയ്ക്ക് ബജറ്റ് ദിവസത്തിലും പുതിയ റെക്കോര്‍ഡ്. (Gold prices hit a new record on Budget day as well.) റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 61,960 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7745 രൂപയുമായി.
ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളി വില ഗ്രാമിന് ഒരുരൂപ കൂടി 98 രൂപയായി ഉയര്‍ന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.