തൊട്ടാൽ പൊള്ളുന്ന നിരക്കിലാണ് ഇപ്പോഴത്തെ സ്വർണവില. സ്വർണാഭരണ പ്രിയരെ നിരാശപ്പെടുത്തികൊണ്ട് ഇന്നും സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 66320 രൂപയായിരുന്ന സ്വർണവില ഇന്ന് 120 രൂപ വർദ്ധിച്ച് 66,480 രൂപയിൽ എത്തിനിൽക്കുകയാണ്. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8290 രൂപയിൽ നിന്നും 8310 രൂപയായി ഉയർന്നു. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വില സ്വർണത്തിന് രേഖപ്പെടുത്തുന്നത്. പണിക്കൂലിയും, ജിഎസ്ടിയുമടക്കം 70,000ലും മുകളിലാണ് ഈ സാഹചര്യത്തിൽ ഒരു പവൻ സ്വർണ്ണത്തിന് കൊടുക്കേണ്ടിവരിക.
വിവാഹത്തിനൊരുങ്ങുന്നവർക്ക് ഇപ്പോഴത്തെ സ്വർണവില വലിയ വെല്ലുവിളിയാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയിലെ വർദ്ധനവിന് കാരണമായി കണക്കാക്കുന്നത്. പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായത് വരും ദിവസങ്ങളിൽ സ്വർണവിലയെ കാര്യമായി ബാധിക്കാനാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണവിലയിൽ വർദ്ധനവുണ്ടാകുന്നത്.
ഹൂതികള്‍ക്കെതിരെ ആക്രമണം തുടരാനുള്ള യുഎസിൻ്റെ തീരുമാനവും തിരിച്ചടിക്കുമെന്ന ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ വ്യക്തമാക്കിയതും സ്വര്‍ണവിലയില്‍ മാറ്റത്തിനുള്ള കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു. ഗാസയിലെ ഇസ്രായേല്‍ ആക്രമണവും വലിയ വെല്ലുവിളിയാണ്. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആശങ്ക ഉയര്‍ത്തുന്നതാണ്.
സ്വർണാഭരണം വാങ്ങുമ്പോൾ മൂന്ന് ശതമാനമാണ് ജിഎസ്ടി ഇനത്തിൽ നൽകേണ്ടത്. 53.10 രൂപ ഹോൾമാർക്ക് ഫീസുായും, ഇതിന്പുറമെ പണിക്കൂലിയും നൽകേണ്ടതുണ്ട്. ഇതു ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്ന് മുതൽ 30 ശതമാനം വരെ ഈടാക്കാറുണ്ട്.
അതേസമയം സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കുമ്പോൾ ഒട്ടും കുറയാതെ തന്നെ വെള്ളി വിലയും. കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളിക്ക് 40 ശതമാനം വില കൂടിയതായാണ് റിപ്പോർട്ടുകൾ. സ്വർണം പോലെ വെള്ളിയിലേക്കും നിക്ഷേപം വർദ്ധിക്കുന്ന സാഹചര്യത്തിലും, സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപവുമാണ് വെള്ളിവിലയിലെ മാറ്റത്തിന് കാരണമായി കണക്കാക്കുന്നത്. കിലോഗ്രാമിന് 1,14,100 രൂപയാണ് ഇന്നത്തെ വെള്ളിവില. ഗ്രാമിന് 114.10 രൂപയുമാണ് നൽകേണ്ടത്.