ബിഗ്‌ബോസ് മലയാളം സീസണ്‍ 6 നാളെ സമാപിക്കും. നൂറ് ദിവസം നീണ്ടുനിന്ന മത്സരത്തില്‍ ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചും അഭിപ്രായം തുറന്ന് പറഞ്ഞും മുന്നേറിയ അഞ്ച് മത്സരാര്‍ത്ഥികളാണ് പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ 5 ല്‍ എത്തിയിരിക്കുന്നത്. ജാസ്മിന്‍ ജാഫര്‍, ജിന്റോ, അര്‍ജുന്‍, ഋഷി, അഭിഷേക് എന്നിവരാണ് കപ്പിനായി മത്സരിക്കുന്ന ഫൈനലിസ്റ്റുകള്‍.
ഇരുപത് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ്‌ബോസ് സീസണ്‍ 6 സംഭവബഹുലമായിരുന്നു. ബിഗ്‌ബോസ് ചരിത്രത്തിലാദ്യമായി കായികപരമായ ആക്രമണം സീസണ്‍ 6 ല്‍ കണ്ടു. റോക്കി എന്ന മത്സരാര്‍ത്ഥി സിജോയുടെ ചെകിട്ടില്‍ ഇടിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. ഈ സംഭവം ഷോയെ തന്നെ കാര്യമായി ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് ഷോയ്‌ക്കെതിരെ കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയതോടെ ഷോയില്‍ പിന്നീട് മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൊമ്പുകോര്‍ത്ത രംഗങ്ങളെല്ലാം തന്നെ എഡിറ്റ് ചെയ്താണ് സംപ്രേക്ഷണം ചെയ്തത്. പവര്‍ റൂം കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിച്ചെങ്കിലും വന്‍ പരാജയമായിരുന്നു. മികച്ച മത്സരാര്‍ത്ഥികള്‍ പുറത്താകുകയും സെയ്ഫ് ഗെയിമേഴ്‌സും എവിക്ഷനില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തതോടെ പവര്‍ റൂം ബിഗ്‌ബോസ് ഒഴിവാക്കുകയായിരുന്നു. അഞ്ച് സീസണുകളും അരച്ച് കലക്കി പഠിച്ച് വന്ന മത്സരാര്‍ത്ഥികള്‍ ആദ്യദിവസങ്ങളില്‍ പ്രേക്ഷകരെ വെറുപ്പിച്ചെങ്കിലും പിന്നീട് പതുക്കെ ഷോ ഹിറ്റാകുകയായിരുന്നു. ഷോയുടെ ഫോര്‍മാറ്റും മോഹന്‍ലാലിന്റെ സാന്നിധ്യവും പരിപാടിയുടെ റേറ്റിംഗ് കൂട്ടി.
ഫൈനല്‍ മത്സരാര്‍ത്ഥികള്‍
ജാസ്മിന്‍ ജാഫര്‍ : പ്രമുഖ യൂടൂബറായ ജാസ്മിന്‍ ജാഫറാണ് ഫൈനലിസ്റ്റിലുകളിലെത്തിയ ഏക വനിത. ജാസ്മിന്‍ ജാഫറുടെ ബിഗ്‌ബോസ് യാത്ര എളുപ്പമായിരുന്നില്ല. ഗബ്രിയെന്ന മത്സരാര്‍ത്ഥിയുമായി ചേര്‍ന്ന് ഹൗസില്‍ കോംബോയുണ്ടാക്കി കളിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇവര്‍ തമ്മിലുളള ബന്ധത്തിന് ക്ലാരിറ്റി നല്‍കാത്തതിനാല്‍ പ്രേക്ഷകരുമായി കണക്ടാവാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല. എന്നാല്‍ ഗബ്രി പുറത്തായതോടെ ഷോയില്‍ വന്‍തിരിച്ചുവരവാണ് ജാസ്മിന്‍ നടത്തിയത്. സംസാരിക്കാനുളള കഴിവും ജാസ്മിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് മുന്നില്‍ മറ്റു മത്സരാര്‍ത്ഥികള്‍ നിഷ്പ്രഭരായി. എല്ലാവരും ഗെയിമില്‍ ജാസ്മിനെ ടാര്‍ഗറ്റ് ചെയ്തതും ജാസ്മിനെ കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു. പുറത്ത് ജാസ്മിനെതിരെ വന്‍സൈബര്‍ ആക്രമണമാണ് നടക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ഗെയിമിലേക്ക് വലിച്ചിഴച്ച് ആക്രമിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാലും സോഷ്യല്‍ മീഡിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴുളള ജാസ്മിന് കപ്പടിക്കാന്‍ ഏറെ സാധ്യതയുളള മത്സരാര്‍ത്ഥിയാണ്.
ജിന്റോ : സെലിബ്രറ്റി ജിം ട്രെയിനറായ ജിന്റോ ബിഗ്‌ബോസില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. തുടക്കത്തില്‍ മണ്ടന്‍ ടാഗ് അണിഞ്ഞ് മറ്റ് മത്സരാര്‍ത്ഥികളെ തന്ത്രപൂര്‍വ്വം കബളിപ്പിച്ചു. പ്രേക്ഷകരുമായി മികച്ച കണക്ട് ഉണ്ടാക്കി മുന്നേറിയ ജിന്റോ ഗെയിം മനസ്സിലാക്കി കളിച്ചു. തുടര്‍ച്ചയായി എവിക്ഷനില്‍ നോമിനേറ്റ് ചെയ്തിട്ടും പ്രേക്ഷകര്‍ ജിന്റോയെ വോട്ട് ചെയ്തു നിലനിര്‍ത്തി. ശക്തമായ ഫാന്‍ഫോളോവേഴ്‌സിനെ ഷോയിലൂടെ നേടിയെടുക്കാന്‍ ജിന്റോയ്ക്ക് കഴിഞ്ഞു. സീസണ്‍ 6 കപ്പടിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള മത്സരാര്‍ത്ഥിയാണ് ജിന്റോ. അണ്‍ ഒഫീഷ്യല്‍ പോളുകളിലും ജിന്റോ മുന്നിലാണ്.
ഋഷി : ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രശസ്തനായ ഋഷിക്ക് നല്ല ഫാന്‍ബേസ് ഉണ്ട്. വലിയ ഗെയിം പ്ലാനുകളില്ലായിരുന്നുവെങ്കിലും ഒറിജിനലായി നിന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. അന്‍സിബയുമായി ചേര്‍ന്നുളള കോംബോയും പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. സീസണ്‍ 6 ഫൈനലില്‍ വോട്ട് ഋഷി അട്ടിമറിക്കുമെന്ന് കാത്തിരുന്ന് കാണാം.
അര്‍ജുന്‍ : ബിഗ്‌ബോസ് സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റാനിയിരുന്നു അര്‍ജുന്‍. ശ്രീതുവുമായുളള കോബോ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. മികച്ച വ്യക്തിത്വത്തിലൂടെ പ്രേക്ഷകശ്രദ്ധനേടിയ അര്‍ജുനും കപ്പ് അടിക്കാന്‍ ഏറെ സാധ്യതയുളള മത്സരാര്‍ത്ഥിയായാണ് ആരാധകര്‍ കാണുന്നത്
അഭിഷേക് : വൈല്‍ഡ് കാര്‍ഡായി സീസണിലെത്തിയ അഭിഷേക് ചില മോശം പരാമര്‍ശങ്ങളിലൂടെ യെല്ലോകാര്‍ഡ് വാങ്ങിച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായി എവിക്ഷനില്‍ നിന്ന് കരകയറിയതോടെ അഭിഷേക് ഗെയിം മാറ്റിപ്പിടിച്ചു. മദേഴ്‌സ് ഡേയില്‍ മരിച്ചുപോയ അമ്മയ്ക്ക് കത്ത് എഴുതിയ സംഭവം വന്‍വഴിത്തിരിവായി. വെറുക്കപ്പെട്ടവനായി ഹൗസിലെത്തിയ അഭിഷേക് പിന്നീട് എല്ലാവരുടെ മനസ് കവര്‍ന്നു.പുറത്ത് നിരവധി ആരാധകരുളള അഭിഷേകും വിജയിയാകാന്‍ സാധ്യതയുണ്ട്.
ഫൈനലില്‍ മോഹന്‍ലാലിനോടൊപ്പം മമ്മൂട്ടിയേും വേദിയിലെത്തുമെന്നാണ് ഇപ്പോല്‍ ലഭിക്കുന്ന വിവരം. ബിഗ്‌ബോസ് അള്‍ട്ടിമെറ്റിന്റെ പ്രഖ്യാപനവും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. ബിഗ് ബോസ്സ് മുന്‍ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖില്‍ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്‍ഷാ പ്രസന്നന്‍ , ശ്രുതിലക്ഷ്മി , ധന്യ മേരി വര്‍ഗീസ് , ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്