ചെന്നൈ: ‘മഞ്ഞുമ്മല്‍ ബോയ്സിനെ’ പ്രതിസന്ധിയിലാക്കിയ പോലീസുകാരനെ കണ്ടെത്താന്‍ തമിഴ്നാട് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സില്‍ നിന്നും മൊഴിയുമെടുക്കും. ഈ പോലീസുകാരന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചുവെന്നാണ് സൂചന. 2006-ല്‍ നടന്ന സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശിയും റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുന്‍ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കു കാരണമായ യഥാര്‍ഥസംഭവത്തില്‍ യുവാക്കളോട് മോശമായി പെരുമാറിയ പൊലീസുകാരെക്കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷിക്കും. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തര സെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുണാ കേവില്‍ കൂട്ടുകാരന്‍ അകപ്പെട്ടത് അറിയിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയവരോട് അപമര്യാദയായി പൊലീസ് പെരുമാറിയെന്ന് സിനിമ പറയുന്നു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമ ഹിറ്റായതോടെ കൊടൈക്കാനിലേക്കും മലയാളി പ്രവാഹമാണ്. ഇതോടെ തമിഴ്നാട് സര്‍ക്കാര്‍ പാസ് പോലും ഏര്‍പ്പെടുത്തി. അതുകൊണ്ട് തന്നെ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പോലിസിനുണ്ടാക്കിയ നാണക്കേട് തുടച്ചു നീക്കാനാണ് തീരുമാനം.
എറണാകുളം മഞ്ഞുമ്മലില്‍നിന്നാണ് 2006-ല്‍ ഒരുസംഘം യുവാക്കള്‍ കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ പോയത്. അതിലൊരാള്‍ ഗുണാ കേവ് എന്ന ഗുഹയില്‍ വീണുപോവുകയായിരുന്നു. ഇതോടെ സഹയാത്രക്കാര്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനില്‍ച്ചെന്ന് സഹായമഭ്യര്‍ഥിച്ചു. പൊലീസുകാര്‍ അവരെ ക്രൂരമായി മര്‍ദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതും സിനിമ ചര്‍ച്ചയാക്കി. ഈ സാഹചര്യത്തില്‍ പരാതിക്കാരന്‍ ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഇതോടെ കഥയില്‍ സത്യമുണ്ടെന്നും കണ്ടെത്തി.
സിനിമയിലുള്ളതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ഈ യുവാക്കള്‍ തന്നോടുപറഞ്ഞതായി ഹര്‍ജിക്കാരനായ ഷിജു എബ്രഹാം പറഞ്ഞു. മര്‍ദിച്ചതിന് പുറമേ പണം തട്ടിയെടുക്കുകയും ചെയ്തു. ഒരു പൊലീസുകാരനെ മാത്രം കൂടെ പറഞ്ഞയച്ചു. സംഭവത്തിന്‍റെ ഗൗരവം പോലീസിന് മനസ്സിലായില്ലെന്നാണ് സിനിമയും പറഞ്ഞു വയ്ക്കുന്നത്. പോലീസുകാരോ ഫയര്‍ഫോഴ്സുകാരോ ഒന്നും രക്ഷാപ്രവര്‍ത്തനത്തിനും ധൈര്യം കാട്ടിയില്ല.
120 അടിയോളം ആഴമുള്ള ഗുഹയില്‍ ചെറുപ്പക്കാരിലൊരാളായ സിജു തന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ അടിസ്ഥാന പ്രമേയം. രക്ഷാപ്രവര്‍ത്തകനായ മഞ്ഞുമ്മല്‍ സ്വദേശി സിജുവിനെ രാഷ്ട്രം ജീവന്‍രക്ഷാ പതക് നല്‍കി ആദരിക്കുകയും ചെയ്തു. യഥാര്‍ഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു.