തന്റെ കരൾ പകുത്ത് നല്കാൻ കൊതിച്ചിട്ടും അതിന് വിധിയില്ലാതെ അച്ഛൻ യാത്രയായല്ലോ എന്ന സങ്കടത്തിൽ ആ മകൾ. (The daughter is saddened that her father left without a plan to donate his liver, even though she wanted to) പുതിയ ജീവിതത്തിലേക്കുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി മകളുടെ കരൾ സ്വീകരിക്കാൻ കാത്തു നിൽക്കാതെയാണ് വിഷ്ണുപ്രസാദ് മരണത്തിലേക്ക് യാത്രയാകുന്നത്.
തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ കവിതയും മക്കളായ അഭിരാമിയും അനന്യകയും. കരൾരോഗം മൂർച്ഛിച്ച് ആരോഗ്യാവസ്ഥ തീർത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
മോഡലും നടിയുമായ അഭിരാമിയുടെ കരൾ പരിശോധന പൂർത്തിയാക്കി അച്ഛന്റെ കരളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. “ശസ്ത്രക്രിയ നന്നായി കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു വിഷ്ണു. കരൾ മാറ്റിവെച്ച ശേഷം ആറുമാസത്തോളം ആശുപത്രിയുടെ അടുത്ത് തന്നെ താമസിക്കാനുള്ള വീട് വരെ കണ്ടെത്തിയതാണ്. രോഗമെല്ലാം ഭേദമായശേഷം സീരിയലിലേക്കും സിനിമയിലേക്കും ശക്തമായി തിരിച്ചുവരണമെന്നായിരുന്നു വിഷ്ണുവിന്റെ ആഗ്രഹം. പക്ഷേ ഒന്നിനും സാധിക്കാതെ…” സങ്കടത്താൽ കവിതയുടെ വാക്കുകൾ മുറിഞ്ഞു.
സ്‌കൂൾപഠനകാലത്തുതന്നെ നാടകവും മറ്റുമായി അഭിനയരംഗത്തേക്കായിരുന്നു വിഷ്ണുവിന്റെ യാത്ര. ആലുവ വിദ്യാധിരാജ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവങ്ങളിൽ വിഷ്ണു എന്ന നടൻ സജീവ സാന്നിധ്യമായിരുന്നു. പഠനശേഷവും അഭിനയ മോഹത്തിൽ തന്നെയായിരുന്നു വിഷ്ണു യാത്ര തുടർന്നത്.
സിനിമയ്ക്കൊപ്പം സംവിധാനവും ഏറെയിഷ്ടപ്പെട്ടിരുന്ന വിഷ്ണു രോഗം മാറി തിരിച്ചുവരുമ്പോൾ ആ മേഖലയിലും തിളങ്ങണമെന്ന ആഗ്രഹത്തിലായിരുന്നു. തമിഴിൽ ടി.വി. സീരിയൽ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മലയാളത്തിൽ ചില പ്രോജക്ടുകളുടെ ചർച്ചകൾ തുടങ്ങുമ്പോഴാണ് അസുഖബാധിതനാകുന്നത്. അപ്പോഴും മനസ്സിലുണ്ടായിരുന്ന തീവ്രമോഹം വിട്ടുകളയാതിരുന്ന വിഷ്ണു ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു, കരൾരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കും സംവിധാനത്തിലേക്കും ഒരു മടങ്ങിവരവ്.