Friday, April 4, 2025

വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ; വിടുതലൈ 2’വിലെ ഗാനം ജനശ്രദ്ധ നേടുന്നു

Must read

- Advertisement -

വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിടുതലൈ 2’. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ ‘ദിനം ദിനമും’ ഗാനം ഇളയരാജയും അനന്യ ഭട്ടും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയതും ഇളയരാജയാണ്.

വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ ഗാനരംഗത്തില്‍ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജുവിന്റെ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിടുതലൈ 2 ഡിസംബര്‍ 20ന് ആണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഭരണകൂട ഭീകരതയെ കുറിച്ചാണ് ചിത്രം പറയുന്നത്. വിടുതലൈ എന്ന ആദ്യ ഭാഗം 2023 മാര്‍ച്ച് 31ന് ആണ് തിയേറ്ററുകളിലെത്തിയത്. വാദ്യാര്‍ എന്നറിയപ്പെടുന്ന പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്.
രണ്ടാം ഭാഗത്തില്‍ എങ്ങനെയാണ് പെരുമാള്‍ എന്ന മാവോയിസ്റ്റ് നേതാവ് രൂപം കൊണ്ടതെന്നും അതിനു പിന്നിലെ രാഷ്ട്രീയവുമായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുക. വിജയ് സേതുപതിയാണ് വാദ്യാര്‍ എന്ന കഥാപാത്രമാകുന്നത്. നടന്‍ സൂരിയാണ് കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഡി ഓ പി : ആര്‍. വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്‌സ് : ആര്‍ ഹരിഹരസുദന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

See also  ബോളിവുഡ് കയ്യടക്കാൻ ഫഹദ് ഫാസിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article