വേദനയും നിരാശയും ദേഷ്യവും; ഉളെളാഴുക്കിലെ ഭാവപ്രകടനങ്ങൾക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ആറാം തവണ സ്വന്തമാക്കി ഉർവശി

Written by Web Desk1

Updated on:

അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. ഉള്ളൊഴുക്കിലെ പാ‍ർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു. വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥ​ഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറ‍ഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉർവശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം.

1977 ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978 ൽ റിലീസായ ‘വിടരുന്ന മൊട്ടുകളി’ലൂടെയാണ് ആദ്യമായി മലയാളികളുടെ മുന്നിലെത്തുന്നത്. അതിനു ശേഷം 1979-ൽ ‘കതിർ മണ്ഡപം’ എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി പ്രത്യക്ഷപ്പെട്ടു.1983-ൽ തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. കാർത്തിക് നായകനായ ‘തൊടരും ഉണർവ്വ്’ എന്ന തമിഴ് ചിത്രത്തിൽ പിന്നീടും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റിലീസായത്. ഇതിനിടെ നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ ‘മുന്താണെ മുടിച്ച്’ ആയിരുന്നു. ഈ സിനിമ വൻ വിജയം ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. തുടർന്നങ്ങോട്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ ഇന്നും സിനിമാപ്രേമികൾ നെഞ്ചോട് ചേർക്കുന്ന കഥാപാത്രങ്ങളുമായി ഉർവശി മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുകയായിരുന്നു.

80 കളിലും 90 കളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. കോമഡി ടൈമിങ്ങിലും ​ഗൗരവകഥാപാത്രങ്ങളിലും തന്റേതായൊരു വ്യക്തി മുദ്ര പതിപ്പിക്കാൻ ഉർവശിക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവരുടെ ഓരോ വേഷങ്ങളും. അനിയത്തിയായാലും കാമുകിയായാലും ഭാര്യയായാലും അമ്മയായാലും അമ്മായിയമ്മയായാലും ഈ വേഷത്തിൽ ഉർവശി ഭ​ദ്രമെന്ന് തോന്നിപ്പിച്ചിടത്തായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ വിജയം.

ഉള്ളൊഴുക്കിന് മുമ്പ് അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. 1989 ൽ മഴവിൽക്കാവടി, വർത്തമാന കാലം എന്നീ ചിത്രങ്ങളിലൂടെയും 1990 ൽ തലയിണ മന്ത്രത്തിലൂടെയും 1991 കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലൂടെയും 1995 കഴകത്തിലൂടെയും 2006 മധുചന്ദ്രലേഖയിലൂടെയുമാണ് ഉർവശി അവാർഡ് നേടിയത്. 2006-ൽ മികച്ച സഹനടിക്കുള്ള അവാർഡും അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചിട്ടുണ്ട്.

See also  സിനിമാ ഷൂട്ടിംഗിനിടെ പ്രിയങ്കാചോപ്രയ്ക്ക് പരിക്കേറ്റു; കഴുത്തിന് മുറിവേറ്റ ഫോട്ടോ പങ്ക് വച്ച് താരം

Leave a Comment