എമ്പുരാന്റെ ആവേശം കെട്ടടങ്ങതിന് മുന്നേ ഹിറ്റടിക്കാന്‍ വീണ്ടും മോഹന്‍ലാല്‍ ചിത്രം റിലീസിന്. മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ തുടരും റിലീസ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് പുറത്തിറങ്ങും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്ററുകള്‍ പങ്കുവച്ചു.
ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും തുടരും സിനിമയ്ക്കുണ്ട്.
2009ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മാമ്പഴക്കാല’ത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായി വേഷമിട്ടത്.