മോഹന്‍ലാല്‍ ചിത്രം തുടരും മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. തരുണ്‍മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വലിയ ഹൈപ്പില്ലാതെയാണ് തുടരും തീയറ്ററുകളിലെത്തിയത്.പ്രേക്ഷകരുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും എനിക്ക് പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ എന്നെ സ്പര്‍ശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടതിന്, അതിനെ ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. തങ്ങളുടെ സ്‌നേഹവും പരിശ്രമവും ഊര്‍ജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകര്‍ന്ന് ഈ യാത്രയില്‍ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ്മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിര്‍മ്മിച്ചതാണ്. അത് വളരെ ആഴത്തില്‍ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാള്‍ കൂടുതലാണ്. അതാണ് യഥാര്‍ത്ഥ അനുഗ്രഹം. ഹൃദയപൂര്‍വ്വം എന്റെ നന്ദി.’ ഓരോ മണിക്കൂറിലും ടിക്കറ്റ് വില്പനയില്‍ ചിത്രത്തിന് വന്‍ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ ദിനം തുടരുമിന് അഞ്ച് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. എമ്പുരാന്റെ റെക്കോര്‍ഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും.