പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന നൂറ് വയസുകാരൻ ഇന്നും സിനിമാ പ്രേമികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഇട്ടൂപ്പാവുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു.
നിരവധി കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച താരമാണ് വിജയരാഘവൻ. ഇപ്പോഴിതാ, നമുക്കേവർക്കും അഭിമാനകരമായി ദേശീയ പുരസ്കാരത്തിലൂടെ മികച്ച സഹനടനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന വേഷത്തിലൂടെ അസാമാന്യ പ്രകടനത്തിനാണ് നേട്ടം.
പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന നൂറ് വയസുകാരൻ ഇന്നും സിനിമാപ്രേമികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഇട്ടൂപ്പാവുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു. മുമ്പ് ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.
‘ഒമ്പത് പത്ത് കിലോ കുറച്ചു, നല്ലോണം ക്ഷീണിച്ചു, ക്ഷീണിച്ചു എന്നല്ല തൊലിഞ്ഞു എന്നു പറയാം, കാഴ്ചയിൽ സ്കിനൊക്കെ ലൂസായി. പിന്നെ മേക്കപ്പ് ചെയ്തത് റോണക്സാണ്. മൂന്ന് നാല് മണിക്കൂറായിരുന്നു മേക്കപ്പ്. ആദ്യം നാലര മണിക്കൂറാണ് മേക്കപ്പിന് വേണ്ടി എടുത്തത്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മൂന്നര മണിക്കൂറായി കുറഞ്ഞു.
മൂന്നരമണിക്കൂറിൽ കുറഞ്ഞ് മേക്കപ്പ് ചെയ്യാൻ കഴിയില്ല. രാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷമേ കാര്യമായിട്ട് എന്തെങ്കിലും കഴിക്കാൻ സാധിക്കുകയുള്ളൂ. വായൊക്കെ ഒരുപാട് ഓപ്പണാക്കി കഴിഞ്ഞാൽ മേക്കപ്പ് പറിഞ്ഞ് പോകും. നഖമൊക്കെ വളർത്തി, മൂക്കിലെ രോമമൊക്കെ വളർത്തി. പുരികം പകുതി വടിച്ചു കളഞ്ഞിരുന്നു’, വിജയരാഘവൻ പറയുന്നു.