രേണു സുധിയ്ക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന സൈബറാക്രമണത്തിൽ പ്രതികരിച്ച് സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. (KHD Kerala Home Design Group has given a house to Sudhi’s family in response to the cyber attack on Renusudhi on social media.) കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയിച്ച പുതിയ റീലിനു വിമർശങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയതെന്നും വീടു നൽകിയെന്നു കരുതി അവർക്ക് മറ്റു ജീവിത ആവശ്യങ്ങൾ ഇല്ലാതാകുന്നില്ലെന്നും കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് പറയുന്നു. കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും കിട്ടിയത് കൊണ്ട് വയർ നിറയില്ല. അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു എന്നും ഫിറോസ് പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
കൊല്ലം സുധി മരിച്ചതിനു ശേഷം അവർക്ക് ഒരു വീട് നൽകാൻ തയ്യാറായി ഞങ്ങൾ KHD Kerala Home Design [KHD – KHDEC] ഗ്രൂപ്പ് മുന്നിൽ വന്ന സമയം, അന്ന് ആദ്യ മീറ്റിഗ് 24 ചാനലിന്റെ ഓഫീസിൽ നടക്കുന്നു.
ടിനി ടോം, KS പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഡൻ നായർ പിന്നെ ഞാനും, Shabboos ഉം Shiyas ഉം ആയിരുന്നു ആദ്യ മീറ്റിഗിൽ പങ്കെടുത്തത്. അന്ന് അവരുടെ ഭാഗത്ത് നിന്ന്, അതായത് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്നിവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ് ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം, സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലങ്കിൽ ആ ലിങ്ക് എനിക്ക് അയച്ചു തരുന്നു എന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക് വിരാമം ഇടാനും കൂടെയാണു.
അന്ന്, ആദ്യ മീറ്റിഗിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം ‘മരണ പെട്ടു പോയ കൊല്ലം സുധിയുടെ രണ്ടു മക്കൾക്ക് മാത്രമാണു ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂ എന്നതാണു’ ആ വീടും സ്ഥലവും 15 വർഷത്തേക്ക് വിൽക്കാനൊ കൈമാറാനൊ സാധിക്കുകയും ഇല്ല എന്നതും ആ ആധാരത്തിൽ വ്യക്തമായി എഴുതി ചേർത്തിട്ടുള്ളതാണു. പറഞ്ഞ് വന്നത് ഇത്രയാണു, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട് മക്കൾ മാത്രമാണു മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല, ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട.
നമുക്ക് എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ, വീടും സ്ഥലവും മാത്രം ആണു അവർക്ക് കിട്ടിയത്, അത് കൊണ്ട് അവരുടെ വയർ നിറയില്ലല്ലൊ.അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു. നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞു.