Wednesday, March 19, 2025

വിവാഹമെന്ന തീരുമാനം തെറ്റായി പോയി, മാതൃകാ ദമ്പതികളായി ഇനിയും അഭിനയിക്കാനാവില്ല; മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്

ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമുക്ക് അനുയോജ്യം ആവണം എന്നില്ല. അങ്ങനെ ഒരു അവസരത്തിൽ എടുത്ത തീരുമാനം ആയിരുന്നു വിവാഹം.

Must read

- Advertisement -

മാതൃകാ ദമ്പതികളായി ഇനിയും സമൂഹത്തിന് മുന്നിൽ അഭിനയിക്കാനാവില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. (Make Up Artist Seema Vineeth) വിവാഹമെന്ന തീരുമാനം തെറ്റായി പോയി. ജീവിതപങ്കാളിയെ നിരവധി തവണ തിരുത്താൻ ശ്രമിച്ചു. പക്ഷേ യാതൊരു പ്രയോജനവും ഇല്ല. വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തിട്ടും ഒരുപാട് തവണ സഹിച്ചു. ഇനിയും പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് സീമ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.

‘ഒരിക്കലും ഇതുപോലെ വീണ്ടും കുറിക്കാൻ ഇടവരരുത് എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇതു പൊതുവായി പറയേണ്ടതും മറച്ചു പിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഇവിടെ കുറിക്കുന്നത്. സ്വയം ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താൽപര്യവും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമുക്ക് അനുയോജ്യം ആവണം എന്നില്ല. അങ്ങനെ ഒരു അവസരത്തിൽ എടുത്ത തീരുമാനം ആയിരുന്നു വിവാഹം. ജീവിതത്തിൽ ഒരു കൂട്ട് ഉണ്ടാവണം ആരേലും ഒപ്പം വേണം എന്നു തോന്നി. പക്ഷേ അതൊരു തെറ്റായ തീരുമാനം ആണെന്ന് വളരെ നാളുകൾക്കു മുൻപ് ആണ് തിരിച്ചറിയുന്നത്. ഒരിക്കലും യോജിച്ചു പോകാൻ പറ്റാത്തവർ ആണ് ഞങ്ങൾ എന്നും. പക്ഷേ ഈ ഒരു യോജിപ്പ് ഇല്ലായ്മയിൽ നിന്നും പുറത്തു കടക്കാൻ ഒരു ഭയം ആയിരുന്നു. മറ്റുള്ളവർ എന്തുപറയും, മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും?

പക്ഷേ അങ്ങനെ ചിന്തിച്ചിരുന്നാൽ ഇനിയും കാര്യങ്ങൾ കൈവിട്ട് പോകും. ജീവിതത്തിൽ ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിൽ ആയിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തിൽ വളർന്നു വന്ന ഒരു വ്യക്തി ആണ് ഞാൻ. മുൻപൊരിക്കൽ ഒരു പോസ്റ്റ് ഇട്ടിരുന്നു, പിന്നെ അത് പിൻവലിക്കുകയും ചെയ്തു. അന്ന് ആ പിന്മാറ്റം സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ആയിരുന്നു. ആ വ്യക്തിയിൽ നിന്നും അത്തരത്തിൽ ഒരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന വാക്കിനുമേൽ ആയിരുന്നു അന്ന് ആ പോസ്റ്റ് പിൻവലിച്ചത്.

ഈ കുറഞ്ഞ കാലയളവിൽ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളിൽ നിന്നും എന്ത് പരിഗണനയും റെസ്പെക്ട്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോൾ കിട്ടിയില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യയും ജൻഡർ അധിക്ഷേപ വാക്കുകളും, ഞാൻ എന്ന വ്യക്തിയെ തന്നെ, ഇല്ലായ്മ ചെയ്യുന്ന തരത്തിൽ ഉള്ള അധിക്ഷേപ വാക്കുകളും ആണ് കിട്ടിക്കൊണ്ടിരുന്നത്. ഒരുപാട് തവണ പറഞ്ഞു കൊടുത്തു, തിരുത്താൻ ശ്രമിച്ചു, നടന്നില്ല.

ഒരുപാട് തവണ മറ്റുള്ളവർക്ക് മുമ്പിൽ അഭിനയിച്ചു മാതൃക ദമ്പതികൾ എന്ന്. നമുക്ക് യാതൊരു വിലയും തരാതെ സംസാരിക്കുക, നമ്മളെയും നമ്മുടെ തൊഴിലിനെയും, നമ്മുടെ വളർച്ചയെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുക, ഒരു ദിവസം സന്തോഷത്തോടെ പെരുമാറും എങ്കിൽ പെട്ടെന്ന് പേടിപ്പെടുത്തുന്ന തരത്തിൽ ആണ് സ്വഭാവം. പലപ്പോഴും ഒരുപാട് വലിയ പ്രശ്‌നം ഉണ്ടാവാതിരിക്കാൻ നിശബ്ദത പാലിച്ചു.

See also  വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്; തീരുമാനം നിശ്ചയം കഴിഞ്ഞ് 5 മാസത്തിന് ശേഷം | Seema Vineeth

മനസമാധാനത്തോടെ നന്നായിട്ട് ഉറങ്ങിയിട്ട് മാസങ്ങൾ ആയി. എന്റെ ദിനചര്യകളും, ജോലിയും, ശരീരവും മനസ്സും ഒക്കെ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് ആണ് ജീവിതം പൊയ്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഞാൻ ഒന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു, മനസ്സമാധാനം. ഒരുപാട് കഷ്ടപ്പെട്ട് ആണ് ജീവിതത്തിൽ ഓരോന്നും നേടിയെടുത്തത്, അന്നൊന്നും ആരും കൂടെ ഉണ്ടായിട്ടും ഇല്ല. ഇപ്പോഴും എപ്പോഴും ഞാൻ ഞാനായി ഇരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാൻ സാധിക്കുകയില്ല. സാഹചര്യവും അവസ്ഥയും മനസ്സിലാക്കുന്ന കുറച്ചു സുഹൃത്തുക്കൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article