തമിഴ് സിനിമയിലെ താരജോഡികളാണ് സൂര്യയും ജ്യോതികയും . ഒന്നിച്ചഭിനയിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന നിരവധി താര ജോഡികളുണ്ട്. സൂര്യ-ജ്യോതിക, അജിത്ത്-ശാലിനി, വിഘ്നേഷ് ശിവൻ-നയൻതാര, സ്നേഹ-പ്രസന്ന, ആര്യ-സയേഷ തുടങ്ങിയ താര ജോഡികളെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടും. വിവാഹശേഷവും തീവ്രമായി അതേ പ്രണയം തുടരുന്നവർ കൂടിയാണ് ഈ ജോഡികൾ.
കോളിവുഡിലെ ഈ താരദമ്പതികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ഏത് ജോഡിക്കാണ് എന്ന് പരിശോധിക്കാം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കോളിവുഡിലെ ഏറ്റവും സമ്പന്നരായ ദമ്പതികൾ നടിപ്പിൻ നായകൻ സൂര്യയും പ്രിയ പത്നി ജ്യോതികയുമാണ്. പൂവെല്ലാം കേട്ടുപ്പാർ സിനിമയിൽ ജോഡിയായി അഭിനയിച്ചശേഷമാണ് ഇരുവരും സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി.
പക്ഷെ വീട്ടുകാരുട ഭാഗത്ത് നിന്നും ആദ്യം എതിർപ്പാണുണ്ടായത്. പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറാവാതെ രണ്ടുപേരും കാത്തിരുന്നു. ഒടുവിൽ ജ്യോതികയുമായുള്ള വിവാഹത്തിന് സൂര്യയുടെ കുടുംബം ഗ്രീൻ സിഗ്നൽ കാണിച്ചതോടെ 2006ൽ ഇരുവരും വിവാഹിതരായി. കരിയറിൻ്റെ ഉന്നതിയിലിരിക്കെ സൂര്യയെ വിവാഹം കഴിച്ച ജ്യോതിക പിന്നീട് കുടുംബസ്ഥയായി സിനിമ വിട്ടു. മക്കൾ കൂടി പിറന്നതോടെ ജ്യോതിക വീട്ടിൽ തന്നെ ഒതുങ്ങി.
ശേഷം മക്കൾ വളർന്ന് സ്കൂളിൽ പോകാൻ പ്രായമായതോടെയാണ് സൂര്യയുടെ പിന്തുണയോടെ ജ്യോതിക വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നു. അതുവരെ കൊമേഴ്‌സ്യൽ സിനിമകളിൽ അഭിനയിച്ചിരുന്ന ജ്യോതിക രണ്ടാം ഇന്നിംഗ്‌സിൽ നായിക പ്രാധാന്യമുള്ള സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്ന നിലപാടെടുത്തു. ഇക്കാരണത്താലാണത്രെ വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള രണ്ട് അവസരങ്ങൾ ലഭിച്ചിട്ടും താരം അത് നിഷേധിച്ചത്.
മുപ്പത്തിയാറ് വയതിനിലെ, രാട്ചസി, കാതൽ ദി കോർ, പൊൻമകൾ വന്താൽ, ഷെയ്ത്താൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം. രണ്ടാം വരവിൽ ജ്യോതിക ചെയ്ത കഥാപാത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അഭിനേത്രിയായി ജ്യോതികയെ ആരാധകർ സ്നേഹിച്ച് തുടങ്ങിയതും രണ്ടാം വരവിനുശേഷമാണ്.
സൂര്യയും ഒന്നിനുപുറകെ ഒന്നായി വമ്പൻ ചിത്രങ്ങളിൽ അഭിനയിച്ച് വരികയാണ് ഇപ്പോൾ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന ചിത്രം കങ്കുവ നവംബർ 14 ന് തിയേറ്ററുകളിൽ എത്തും.
സിനിമയിൽ അഭിനയിക്കുന്നതിന് പുറമെ 2ഡി എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ ഭർത്താവ് സൂര്യയ്‌ക്കൊപ്പം ചേർന്ന് ഗുണനിലവാരമുള്ള സിനിമകളും ജ്യോതിക നിർമ്മിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഇവർ നിർമ്മിച്ച കാർത്തി സിനിമ മെയ്യഴകൻ എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയിലും ബിസിനസ്സിലും ഒരുപോലെ വിജയക്കൊടി പാറിച്ച് മുന്നേറുന്ന സൂര്യയുടേയും ജ്യോതികയുടേയും ആകെ ആസ്തി 537 കോടി രൂപയാണ്.
നടൻ സൂര്യയുടെ ആസ്തി 206 കോടിയാണ്. എന്നാൽ ജ്യോതികയുടെ ആസ്തി 331 കോടി രൂപയാണ്. ഒരു കാലത്ത് ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നതുകൊണ്ടാകണം ജ്യോതികയ്ക്ക് സൂര്യയെക്കാൾ ആസ്തിയുണ്ടായത്. ഇരുവരും കുടുംബസമേതം ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്.