കൊച്ചി (Kochi) : നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിലെന്ന് പൊലീസ്. (Police say actor Shine Tom Chacko escaped from his hotel room in a cinematic style when the police team arrived to inspect him.) ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയാണ് പൊലീസ് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലെത്തുന്നത്. റിസപ്ഷനിലെത്തി നടന്‍ ഷൈന്‍ ടോം ചാക്കോ എതു മുറിയിലാണെന്ന് ഡാന്‍സാഫ് സംഘം ചോദിച്ചു. മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലാണെന്ന് റിസപ്ഷനില്‍ നിന്നും മറുപടിയും ലഭിച്ചു.
ഇതേത്തുടര്‍ന്ന് പൊലീസ് മൂന്നാം നിലയിലേക്ക് എത്തുന്നതിന് മുമ്പായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുന്നത്. മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി. അവിടെ നിന്നും സ്വിമ്മിങ് പൂളിലേക്കും ചാടി. അവിടെ നിന്നും സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടി. റോഡിലെത്തി അവിടെയെത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പൊലീസ് എത്തുമ്പോള്‍ ഷൈനിന്റെ മുറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലൊരാള്‍ പാലക്കാട് ജില്ലയിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഓണ്‍ലൈന്‍ വഴിയാണ് ഷൈനിന് ലഹരിമരുന്ന് എത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം മിന്നല്‍ റെയ്ഡിനെത്തിയത്. ഷൈനിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല.
അതേസമയം, ഒളിക്കാന്‍ എന്തോ ഉള്ളതിനാലാണ്, ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്നും ഇത്ര റിസ്‌ക്കെടുത്ത് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് പരിശോധനയ്‌ക്കെത്തിയ വിവരം എങ്ങനെ ഷൈന്‍ ടോം ചാക്കോ അറിഞ്ഞുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ വിവരം ചോര്‍ത്തി നല്‍കിയതാണോയെന്നും പരിശോധിച്ചു വരികയാണ്. ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.