മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് മമ്മൂട്ടി. (Mammootty is the all-time favorite actor of Malayalis.) എന്നാൽ, മറ്റ് താരങ്ങൾക്ക് മമ്മൂട്ടിയെപ്പറ്റി പല തരത്തിലുള്ള അഭിപ്രായമാണ്. ചിലർക്ക് സൗമ്യമായി പെരുമാറുന്ന നല്ല മനസിനുടമയും മറ്റ് ചിലർക്ക് ദേഷ്യക്കാരനുമാണ്. എങ്കിലും എല്ലാവരും ഒരുപോലെ പറയുന്ന കാര്യമുണ്ട്, അതാണ് മമ്മൂട്ടിക്ക് കാറുകളോടുള്ള പ്രിയം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഡ്രൈവിംഗിനോടുള്ള പ്രിയത്തെക്കുറിച്ച് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
‘വേഗം കൂടിയ ഡ്രൈവിംഗ് മമ്മൂക്കയ്‌ക്ക് ഒരു ഹരമായിരുന്നു. ഇപ്പോൾ ഡ്രൈവിംഗ് ഇല്ലെന്ന് തോന്നുന്നു. 74 വയസായില്ലേ. മനസ് ചെല്ലുന്നിടത്ത് ശരീരം ചെല്ലുന്നില്ലല്ലോ. അതുകൊണ്ടായിരിക്കും അദ്ദേഹമിപ്പോൾ ഡ്രൈവിംഗിൽ നിന്ന് പിന്മാറിയതെന്ന് തോന്നുന്നു. സുകൃതം, പുറപ്പാട് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുമ്പോൾ വേഗത്തിൽ കാറോടിച്ച് വന്നിറങ്ങി ഒന്നുമറിയാത്തത് പോലെ പുള്ളി നടന്നങ്ങ് പോകും. കാർ തണലത്ത് നിർത്തിയിടുക എന്ന ജോലി മാത്രമേ ഡ്രൈവർക്കുള്ളു. അപൂർവം സന്ദർഭങ്ങളിൽ മാത്രമേ മമ്മൂക്കയുടെ കാർ മറ്റൊരാൾ ഓടിച്ച് കണ്ടിട്ടുള്ളു’ – ശാന്തിവിള ദിനേശ് പറഞ്ഞു.
മുമ്പും നിരവധി തവണ ശാന്തിവിള ദിനേശ് മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും അത് മറച്ചുവയ്‌ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് ക്യാൻസർ ബാധിച്ചെന്ന വാർത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും സഹപ്രവർത്തകർ ചില സൂചനകൾ നൽകി.
അടുത്തിടെ നടൻ മണിയൻപിള്ള രാജുവും മമ്മൂട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് ധെെര്യം തന്നയാളാണ് മമ്മൂക്ക. നീ ഫെെറ്റ് ചെയ്യണമെടാ എന്ന് പറഞ്ഞു. ഇന്ന് അദ്ദേഹത്തിന് അസുഖം വന്നപ്പോൾ താൻ ഇതേ കാര്യം മമ്മൂക്കയോട് പറഞ്ഞെന്നാണ് മണിയൻപിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത്.