തെന്നിന്ത്യൻ സിനിമയുടെ കാവൽക്കാരനായി സലാർ

Written by Taniniram

Published on:

താര അതിയടത്ത്

നീണ്ട കാത്തിരിപ്പിനൊടുവില്‍ സലാര്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ പേരിലെ കൗതുകവും ആകര്‍ഷണവും കൊണ്ടു തന്നെ പോസ്റ്റര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ പേരിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. നിഘണ്ടു പ്രകാരം സലാര്‍ എന്നാല്‍ വിശ്വസ്തനായ കാവല്‍ക്കാരന്‍, സേനാധിപന്‍, വലംകൈ എന്നൊക്കെയാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ആരായിരിക്കും ചിത്രത്തിലെ സലാര്‍ എന്നറിയാനുള്ള ആകാംക്ഷ കാത്തിരിപ്പിന് ഒന്നു കൂടി ആക്കം കൂട്ടി.

കെ ജി എഫ് എന്ന ഒറ്റ സിനിമ കൊണ്ട് പ്രശാന്ത് നീലിന്റെ കഴിവ് ഓരോ പ്രേക്ഷകനും തിരിച്ചറിഞ്ഞതാണ്. മറ്റു സംവിധായകരില്‍ നിന്നും തിരക്കഥാകൃത്തുക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി തന്റേതായ ഒരു ലോകം സൃഷ്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. അതുകൊണ്ട് തന്നെ സംവിധായകന്റേതു മാത്രമായ മാന്ത്രിക സ്പര്‍ശങ്ങള്‍ കഥയിലുടനീളം കാണാവുന്നതാണ്. തുടക്കം മുതല്‍ അവസാനം വരെ നിരവധി ഫൈറ്റ് രംഗങ്ങള്‍ സലാറിലുണ്ട്. അതോടൊപ്പം സൗഹൃദം, സ്‌നേഹം, പ്രതികാരം തുടങ്ങിയ വിവിധ വൈകാരിക സംഘര്‍ഷങ്ങളിലൂടെ സിനിമ കടന്നുപോകുന്നതും കാണാം.

 കുറ്റകൃത്യങ്ങള്‍ നിറഞ്ഞ സാങ്കല്പിക നഗരമായ ഖാന്‍സാറിനെ പശ്ചാത്തലമാക്കിയാണ് കഥ തുടങ്ങുന്നത്. കെ ജി  എഫില്‍ നാറാച്ചി എന്ന ലോകം എങ്ങനെ പ്രശാന്ത് നീല്‍ സൃഷ്ടിച്ചോ അതുപോലെ തന്നെയാണ് ഖാന്‍സാറും. നൂറോളം നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് ഖാന്‍സാറിന്റെ ഭരണത്തലവന്‍ ആകാന്‍ പലരും ആഗ്രഹിക്കുന്നു. ആത്മ സുഹൃത്തുക്കളായ രണ്ട് പേര്‍ അധികാരം നേടാന്‍ പടവെട്ടുന്നവരുടെ ഇടയില്‍ അകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രഭാസിന്റെ ദേവയും പൃഥിരാജിന്റെ വരദരാജമന്നാറും ആരാധക പ്രതീക്ഷകള്‍ വെറുതെയാക്കുന്നില്ല. ശ്രുതി ഹാസന്‍, ജഗപതി ബാബു ,ഈശ്വരി റാവു, ശ്രീയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.രവി ബസ്രൂര്‍ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും എവിടെയൊക്കെയോ ആവര്‍ത്തന വിരസതയാണ്ടാക്കുന്നുണ്ടെങ്കിലും പ്രേക്ഷകഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിച്ചിട്ടുണ്ട്.

സലാറിന്റെ കാതല്‍ പ്രകടമാകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് . അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകനെ കാത്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. കെ ജി എഫിനേക്കാള്‍ മികച്ചതാണൊ സലാര്‍ എന്നു ചോദിച്ചാല്‍ ഒരു മറുപടിയേ ഉള്ളു . കെ ജി എഫിനെ ഓര്‍മ്മിപ്പിക്കും വിധമാണ് മെയ്ക്കിംഗും കളര്‍ ടോണും എഡിറ്റിംഗും പശ്ചാത്തലവമൊരുക്കിയിരിക്കുന്നത്.

  പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ പോലെ മാസ് നിമിഷങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വൈകാരിക നിമിഷങ്ങളും കൂടി ചേരണം. തീര്‍ച്ചയായും ഇതു രണ്ടും ഒത്തു ചേരുന്നതുകൊണ്ടാകാം ഓരോ  പ്രേക്ഷകനും സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. സലാര്‍ എന്ന സിനിമ ഒരു യുദ്ധത്തിലേക്കുള്ള പോര്‍വിളി മുഴക്കിയതായി കരുതുകയാണെങ്കില്‍ സലാര്‍ 2 ഏതൊരു പ്രേക്ഷകനേയും സംതൃപ്തിപ്പെടുത്തുന്ന വിധം വലിയൊരു യുദ്ധമായി തീരുമെന്ന് പ്രതീക്ഷിക്കാം. തെന്നിന്ത്യന്‍ സിനിമ കാണാനാഗ്രഹിക്കുന്ന എക്കാലത്തേയും വിജയത്തിന്റെ യുദ്ധം.
See also  വിവാഹദിനത്തിൽ നടൻ ബാല ഭാര്യയേയും കൊണ്ട് പൊതുപരിപാടിയിൽ…

Related News

Related News

Leave a Comment