തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. ഇതിനോടകം തന്നെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു പൂജ. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്‌യുടെ നായികയാകാനൊരുങ്ങുകയാണ് പൂജ. ദളപതി 69ൽ വിജയ്‌യുടെ നായിക പൂജ ഹെഗ്ഡെയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുകയാണ്.
‘ഗംഭീരമായ ജോഡിയെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു. നിങ്ങൾ ഇതിനോടകം അറിഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഔദ്യോഗികമായി… പൂജ ഹെഗ്ഡെയ്ക്ക് സ്വാഗതം’ – എന്നാണ് ഇത് സംബന്ധിച്ച് കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചിരിക്കുന്നത്.
‘യെസ്.. ഒരിക്കൽ കൂടി ഒരേയൊരു ദളപതിയ്ക്കൊപ്പം, ഒരു മാജിക് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നാണ് സന്തോഷം പങ്കുവച്ച് പൂജ കുറിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ബീസ്റ്റ് സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാറായിരുന്നു. ചിത്രത്തിലെ വിജയ് – പൂജ കോമ്പോ ശ്രദ്ധ നേടിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബീസ്റ്റിന് ശേഷം ദളപതിയും പൂജയും വീണ്ടുമെത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.