യുവാക്കള്‍ക്കിടയില്‍ തരംഗമായ റാപ്പര്‍ വേടന്റെ പാട്ടുമായി ടോവിനോയുടെ നരിവേട്ട. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന ചിത്രത്തിലെ ‘വാടാ വേടാ’ എന്ന ഗാനമാണ് യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുന്നത്. വേടന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികള്‍. വേടന്‍ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളില്‍ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പാട്ട് ട്രെന്‍ഡിങ്ങിലെത്തി. വേടന്റെ വരികള്‍ ആരാധകര്‍ നെഞ്ചോട് ചേര്‍ത്തു വയ്ക്കുകയാണ്. ‘ആ വരിയിലെ വികാരം തീ ആണ്’, ‘എങ്ങനെ എഴുതാന്‍ പറ്റുന്നു ഇങ്ങനെ’, ‘യന്ത്രതോക്കുകളെക്കാള്‍ മൂര്‍ച്ചയുള്ള വരികള്‍’, ‘കനല്‍ കൊണ്ട് എഴുതി’, എന്നിങ്ങനെയാണ് ചില കമന്റുകള്‍.