പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ‘മുഖരാഗം’ എന്ന പേരില്‍ തന്റെ ജീവചരിത്ര കഥ വരുന്നു എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് തയ്യാറാക്കിയത്. അഭിനയ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ 25ന് പുസ്തകം പ്രകാശനം ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
എംടി വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്. 1978ല്‍ ‘തിരനോട്ട’ത്തില്‍ തുടങ്ങി ‘തുടരും’ എന്ന സിനിമയില്‍ എത്തിനില്‍ക്കുന്ന മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ സമഗ്രരേഖയാകും ഈ പുസ്തകം. സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടാകും.
മോഹന്‍ലാലിന്റെ കുടുംബചരിത്രം പറയുന്ന ‘പത്തനംതിട്ടയിലെ വേരുകള്‍’, കുട്ടിക്കാലത്തെ കുറിച്ചുള്ള ‘അമ്മൂമ്മയുടെ ലാലു’, ‘മിന്നായം പോലെ സത്യന്‍മാഷ്’ എന്നിവയുള്‍പ്പെടെ, വീരകേരള ജിംഖാന, നായകന്‍മാരുടെ പ്രതിനായകന്‍, പടയോട്ടം, പത്മരാജസ്പര്‍ശം, കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവന്‍, ഭാവദീപ്തം ഭരതം തുടങ്ങി നൂറിലധികം അധ്യായങ്ങളായി ആയിരത്തോളം പേജുകളാണ് പുസ്തകത്തില്‍ ഉണ്ടാവുക.