Wednesday, April 2, 2025

സൗബിന്‍ ഉള്‍പ്പെടെയുളള മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പോ ?

Must read

- Advertisement -

തിരുവനന്തപുരം: : മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ് ഐ ആര്‍ ഇട്ടിട്ടും അറസ്റ്റിലേക്ക് കടക്കാത്തത് ഒത്തുതീര്‍പ്പ് സാധ്യതകള്‍ ആരായാന്‍. പരാതിക്കാരനുമായുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പുറത്ത് പറഞ്ഞു പരിഹരിക്കാനുള്ള സാധ്യതകള്‍ ആണ് തേടുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്ക് പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പണം കൈമാറിയെന്ന് വ്യക്തമാകുകയും ചെയ്തു. അഞ്ചു കോടിയില്‍ അധികം പണം ഇങ്ങനെ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കി. അതുകൊണ്ട് തന്നെ വഞ്ചനാ കേസ് പ്രാഥമിക തലത്തില്‍ തന്നെ നിലനില്‍ക്കും.

സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് നിര്‍മാതാക്കളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് സൗബിന്‍ അടക്കമുള്ളവര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കോടതിയില്‍ നിന്നും ജാമ്യം കിട്ടുമോ എന്നത് സംശയകരമാണ്. പ്രമുഖ നടനായ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവരുടെ അറസ്റ്റിനോട് ചില പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും താല്‍പ്പര്യമില്ല. ഇവരെല്ലാം ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന നടന്മാരുമാണ്. അതുകൊണ്ടാണ് പോലീസ് ഈ വിഷയത്തില്‍ നടപടികള്‍ വൈകിക്കുന്നതെന്നും സൂചനയുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് അനുസരിച്ച് മരട് പോലീസാണ് കേസെടുത്തത്. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി. ഐപിസിയിലെ 120 ബി, 406, 420, 468, 34 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ് ഐ ആര്‍. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ പ്രതികളെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.

കേസെടുത്തതിന് പിന്നാലെ പൊലീസ് തെളിവ് ശേഖരണം തുടങ്ങി. നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ആദ്യപടിയായാണ് തെളിവ് ശേഖരണം. പ്രഥമദൃഷ്ട്യാ തെളിവുകള്‍ കോടതിക്ക് മുമ്പില്‍ എത്തിയതു കൊണ്ടാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. അതുകൊണ്ടു തന്നെ പോലീസിന് വേണമെങ്കില്‍ അറസ്റ്റിലേക്ക് കടക്കാവുന്നതേയുള്ളൂ. എന്നാല്‍ തല്‍കാലം അതു വേണ്ടെന്നാണ് പോലീസ് നിലപാട്. കേസ് സൗമ്യമായി ഒത്തുതീര്‍ക്കുന്നുവെങ്കില്‍ തീരട്ടേ എന്നതാണ് പോലീസ് നിലപാട്.

നേരത്തെ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിര്‍മ്മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ഒന്നും നല്‍കാതെ കബളിപ്പിച്ചെന്നാണ് സിറാജിന്റെ പരാതി.2022 നവംബറിലാണ് കരാര്‍ പ്രകാരം സിറാജ് പണം കൈമാറിയത്. ആദ്യം 5.99 കോടിയും പിന്നീട് 50 ലക്ഷവും നല്‍കി. 51 ലക്ഷം രൂപയാണ് ഒടുവില്‍ കൈമാറിയത്. കരാര്‍ പ്രകാരം സിനിമയുടെ ലാഭത്തില്‍ നിന്നും 40 കോടിരൂപ നല്‍കിയില്ലെന്നാണ് ആരോപണം. ഒ.ടി.ടി പ്ലാറ്റ്‌ഫോം അവകാശം നല്‍കിയതിലൂടെ 20 കോടിയോളം രൂപ വേറെയും ചിത്രം നിര്‍മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

See also  പിറന്നാൾ ഗംഭീരമായി ആഘോഷിച്ച്‌ അഹാന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article