കൊച്ചി: സാമ്പത്തിക വഞ്ചനാക്കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറസ്റ്റിലാകാന്‍ സാധ്യത. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കോടതി ഉത്തരവ് അനുസരിച്ച് മരട് പോലീസ് കേസെടുത്തിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്. സിനിമയുടെ മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് രണ്ടാമതും നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി.
ചുമത്തിയത് അതീവ ഗുരുതര വകുപ്പുകള്‍
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് നിര്‍മാതാക്കളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. അതീവ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളും ഇതിലുണ്ട്. ഐപിസിയിലെ 120 ബി, 406, 420, 468, 34 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ് ഐ ആര്‍. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ പ്രതികളെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.
സിറാജ് വലിയത്തറ ഹമീദിന്റെ ആദ്യ ഹര്‍ജിയെത്തുടര്‍ന്ന് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. ഏഴ് കോടി രൂപ സിനിമയ്ക്കായി താന്‍ മുടക്കിയെന്നും എന്നാല്‍ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നല്‍കിയ ഹര്‍ജി. മലയാളത്തില്‍ 200 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയതെന്നും എന്നാല്‍ തന്നെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ സിറാജ് പറഞ്ഞു. ഇത് കോടതി അംഗീകരിച്ചാണ് കേസെടുത്തതും. ഈ ആരോപണങ്ങളെല്ലാം വിശദീകരിച്ചാണ് പോലീസ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നതും.