‘കുഞ്ഞിന്റെ പേര് മല, മല’ എന്ന ഡയലോഗ് പോരേ മണിയൻപിള്ള രാജു (Maniyanpilla Raju) എന്ന അഭിനേതാവിനെ മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും ഓർക്കാൻ. ആദ്യ ചിത്രമായ മണിയൻപിള്ള അഥവാ മണിയൻപിള്ളക്ക് ശേഷമാണ് സുധീർ കുമാർ ആ പേര് തന്റെ സ്ക്രീൻ നാമമായി സ്വീകരിച്ചത്. ‘മിന്നാരം’ എന്ന എവർ-ഗ്രീൻ കോമഡി എന്റെർറ്റൈനെർ ചിത്രത്തിലെ കാമിയോ വേഷം മണിയൻപിള്ള രാജു എന്ന നടന്റെ കരിയറിൽ മറ്റേതു വേഷത്തെക്കാളും ജനപ്രീതിയുടെ കാര്യത്തിൽ വളരെ മുന്നിലാണ്. പക്ഷെ അടുത്തിടെ അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അത്ര സുഖകരമല്ല. നടൻ മമ്മൂട്ടിയുടെ സെക്രട്ടറി ജോർജ് സെബാസ്റ്റിൻറെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ ഒരാൾ മണിയൻപിള്ള രാജുവായിരുന്നു.
എന്നാൽ, എപ്പോഴും കാണുന്ന പ്രസരിപ്പ് അദ്ദേഹത്തിന്റെ മുഖത്തില്ല. നന്നായി മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതിയായിരുന്നു രാജുവിന് അപ്പോഴുണ്ടായിരുന്നത്. എന്നിരുന്നാലും ചടങ്ങുകളിൽ നിറസാന്നിധ്യമായി നിന്ന ശേഷം മാത്രമേ രാജു മടങ്ങിയുള്ളൂ. മമ്മൂട്ടി ഉൾപ്പെടെയുള്ള വലിയ താരനിര പങ്കെടുത്ത പരിപാടിയായിരുന്നു അത്. രാജുവിന്റെ ഈ ലുക്ക് പുറത്തുവന്നതും സോഷ്യൽ മീഡിയ അവരുടേതായ നിലയിലെ കാരണം കണ്ടെത്തൽ പോലീസായിക്കഴിഞ്ഞു. മുൻപും പല താരങ്ങളുടെയും വ്യക്തിജീവിതത്തെയും ആരോഗ്യത്തെയും കുറിച്ച് സോഷ്യൽ മീഡിയ പടച്ചുവിട്ട അനുമാനങ്ങൾ വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടിരുന്നു.
നാല് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന കോവിഡ് കാലം ആരും മറക്കാനിടയില്ല. അന്നും സോഷ്യൽ മീഡിയയുടെ പ്രധാന ഇരയായിരുന്നു മണിയൻപിള്ള രാജു. കോവിഡ് ബാധിച്ച താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ ശബ്ദം പോലും നഷ്‌ടമായി ജീവിതത്തോട് മല്ലിടുന്ന അവസ്ഥയിലാണ് രാജു എന്നായി പ്രചാരണം. ഒടുവിൽ മകൻ നിരഞ്ജ് അച്ഛനെ കുറിച്ചുള്ള പ്രചാരണങ്ങളിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ കുറിപ്പിടേണ്ടി വന്നു.
രണ്ടാഴ്ചകൾക്ക് മുൻപ് തന്റെ പിതാവ് മണിയൻപിള്ള രാജു കോവിഡ് മുക്തനായെന്നും. വീട്ടിൽ വിശ്രമിച്ച് പൂർണ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന് ശേഷം ന്യുമോണിയ കൂടിയതും, ആരോഗ്യം വഷളാവുകയായിരുന്നു എങ്കിലും, അദ്ദേഹം പൂർവാധികം ശക്തിയിൽ തിരിച്ചു വന്നു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഒരു റെക്കോർഡിങ് വീഡിയോ പുറത്തു വന്നതോട് കൂടി ശബ്ദം നഷ്‌ടമായി എന്ന പ്രചാരണങ്ങളും അസ്ഥാനത്തായി.