ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ. സകലകലാവല്ലഭനിൽ നിന്ന് ആണ്ടവരിലേക്കും അവിടെ നിന്ന് ഉലക നായകനിലേക്കുമുള്ള കമൽ ഹാസന്റെ ജീവിതം സംഭവബഹുലമായിരുന്നു.
1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. അവിടുന്നിങ്ങോട്ട് കലാമൂല്യമുള്ളതും കൊമേഴ്സ്യൽ സിനിമകളുമായി അദ്ദേഹം തന്റെ സിനിമാ യാത്ര തുടരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമൽ ഹാസന്റെ ചിത്രങ്ങളാണ്. മതം, വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ തന്റെ നിലപാടുകൾ എന്നും ഉറക്കെ വിളിച്ചു പറയാൻ കമൽ യാതൊരു മടിയും കാണിക്കാറില്ല.
പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ഇപ്പോൾ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന നടൻ കൂടിയാണ് കമൽ ഹാസൻ. നിശബ്ദ ചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍, ദശാവതാരം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് തെളിവാണ്.
കമൽ ഹാസന്റെ സിനിമാ ജീവിതമെടുത്താൽ, അദ്ദേഹത്തിന്റെ ഡ്രീം പ്രൊജക്ടായ മരുതനായകത്തെ മാറ്റി നിർത്തി പറയാനേ കഴിയില്ല. 27 വർഷം മുൻപ് ചിത്രീകരിച്ച മരുതനായകം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് കമൽ ഹാസന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ നഷ്ടമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഇനി കമൽ ഹാസന്റേതായി വരാനിരിക്കുന്ന ചിത്രം.
പിറന്നാൾ ആശംസകളുമായി മമ്മൂട്ടിക്ക് പുറമെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത് .