നടൻ ഹരീഷ് കണാരന്റെ ആരോഗ്യ നില ഗുരുതരമെന്ന നിലയിൽ വ്യാജ വാർത്ത. (Fake news that actor Harish Kanaran’s health condition is critical.) ഒരു ഓൺലൈൻ സൈറ്റിലാണ് നടന്റെ നില ഗുരുതരമെന്ന തരത്തിൽ വ്യാജ വാർത്ത വന്നത്. ഒടുവിൽ വ്യാജ വാർത്തയിൽ പ്രതികരണവുമായി ഹരീഷ് തന്നെ രംഗത്തുവന്നു. ‘‘എന്റെ നില ഗുരുതരം ആണെന്ന് ഇവർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ, റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ?’’–ഹരീഷ് കണാരന്റെ വാക്കുകൾ.
റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്ന് ഈ വ്യാജ വാര്‍ത്ത ചൂണ്ടിക്കാട്ടി നിർമൽ പാലാഴി പ്രതികരിച്ചു. ‘‘അഡ്മിനെ… റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി.
ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്തകണ്ട് പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും (ഹരീഷ് കണാരൻ) വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട് അടിക്കാൻ കൂടെ നിൽക്കുമോ.’’–നിർമൽ പാലാഴിയുടെ വാക്കുകൾ. ഇതുപോലുള്ള വ്യാജ പേജുകൾ പൂട്ടിക്കണമെന്നും സംഭവത്തിൽ നിയമപരമായി നടൻ മുന്നോട്ടു പോകണമെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.