കൊച്ചി: 2025 ല്‍ ബോക്‌സ് ഓഫീസുകള്‍ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ എത്തുന്നു.. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഞായറാഴ്ച പുറത്തിറങ്ങി. റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയില്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക.
പ്രൗഢഗംഭീരമായ ചടങ്ങില്‍ മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. ടീസര്‍ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവര്‍ക്കും അതിന്റെ ഭാഗമാവാന്‍ സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
ആശീര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികാഘോഷവും ടീസര്‍ ലോഞ്ചിന്റെ ഭാഗമായി നടന്നു. ആശീര്‍വാദിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി പറഞ്ഞതിങ്ങനെ: ‘ആന്റണിയുടെ ആശീര്‍വാദ് ആണിപ്പോള്‍ പ്രത്യേകം ആശീര്‍വാദം ആഗ്രഹിക്കുന്നത്. ആശീര്‍വദിക്കാന്‍മാത്രം എനിക്കെന്ത് അര്‍ഹതയാണുള്ളതെന്ന് അറിയില്ല. എങ്കിലും എല്ലാ ആശംസകളും സ്നേഹവും ആശീര്‍വാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകളും നേരുന്നു.’
ലെയ്ക്ക പ്രൊഡക്ഷന്‍സ് മലയാളത്തില്‍ നിര്‍മ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം. മാര്‍ച്ച് 27-നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുക.