കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിര്‍ദ്ദേശം നല്‍കി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദര്‍ശനം തുടരാനുമാണ് മന്ത്രിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി തന്നെ ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു. താടിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ നരച്ച താടി വച്ചുള്ള മാസ് ലുക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപി. എന്നാല്‍ താരം സോഷ്യല്‍ മീഡിയയില്‍ പുതുതായി പങ്കുവച്ച ഫോട്ടോ താടി ഉപേക്ഷിച്ചുളളതാണ്.സെപ്റ്റംബറിലായിരുന്നു ഒറ്റക്കൊമ്പന്‍ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി വൈകിയതോടെ ചിത്രീകരണവും നീണ്ടു. ഇപ്പോള്‍ ആ ലുക്ക് തന്നെ ഉപേക്ഷിച്ചതോടെ സുരേഷ് ഗോപിയുടെ അഭിനയത്തിന് തന്നെ ഇടവേളയെടുത്തോ എന്ന ചോദ്യമാണ് ഉയരുന്നത്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായാണ് ഒറ്റക്കൊമ്പന്‍ നിശ്ചയിച്ചിരുന്നത്.