‘കുട്ടി പുലിമുരുകനെ’ തിരിച്ചറിയാതെ ബിജു മേനോൻ….

Written by Web Desk1

Published on:

പുലി മുരുകൻ എന്ന പേരുവരാനിടയായ ആദ്യത്തെ പുലിവേട്ട നടത്തിയ ബാലനായ മുരുകൻ ആയിരുന്നു.അജാസ്. പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജാസ് എന്ന കുട്ടിത്താരത്തെ മലയാളികൾ മറന്നുകാണില്ല. ഏറെ പരിചയസമ്പന്നനെപ്പോലെയാണ് അജാസ് എന്ന ബാലതാരം ആ ആക്‌ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്.

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ കലാരംഗത്ത് എത്തിയ അജാസ് പിന്നീട് നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ഒന്നുരണ്ടു സിനിമകളിൽ അഭിനയിക്കുകയും ചെയ്‌തു.പഠനം പൂർത്തിയാക്കാൻ സിനിമയിൽനിന്ന് വിട്ടുനിന്ന അജാസ് ബിജു മേനോൻ നായകനായ ‘തുണ്ട്’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നല്ല കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് അജാസ്.

പുലിമുരുകനിലെ ബാലതാരം തുണ്ടിലേക്ക്

തുണ്ട്‌ എന്ന സിനിമയിൽ ബിജുമേനോൻ ചേട്ടന്റെ മകൻ ആയിട്ടാണ് അഭിനയിച്ചത്. കഥാപാത്രത്തിന്റെ പേര് മാത്യു. സിനിമയുടെ പേര് സൂചിപ്പിച്ചതുപോലെ പരീക്ഷയ്ക്ക് കോപ്പി അടിക്കുന്ന ആളാണ് മാത്യു. മകൻ മാത്രമല്ല അച്ഛനും തുണ്ട് വയ്ക്കുന്ന ആളാണ്. വളരെ രസകരമായ സിനിമയാണ് തുണ്ട്‌. സിനിമയുടെ സംവിധായകൻ റിയാസ് ഷെരീഫ് ആണ് എന്നെ തുണ്ടിലേക്ക് വിളിച്ചത്. അദ്ദേഹത്തെ പോയി കണ്ടപ്പോൾ ഈ കഥാപാത്രം ചെയ്യാൻ ഞാൻ മതി എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആണ് എന്നെ സിലക്ട് ചെയ്തത്.

ആദ്യം പഠനം പിന്നെ അഭിനയം

പുലിമുരുകൻ ആണ് എന്റെ ആദ്യത്തെ സിനിമ. അതിനു മുൻപ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷേ റിലീസ് ആയിട്ടില്ല. പുലിമുരുകൻ കഴിഞ്ഞിട്ട് ഒന്നുരണ്ടു സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിൽ ദിലീപേട്ടന്റെ കുട്ടിക്കാലം ചെയ്തു, ‘ബിഗ് ബ്രദർ’ എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്ലസ് ടൂ കഴിഞ്ഞിട്ട് അഭിനയം ഗൗരവമായി എടുത്താൽ മതി എന്ന് തീരുമാനിച്ചാണ് മാറി നിന്നത്.

പുലിമുരുകനിൽ അഭിനയിക്കുമ്പോൾ ആറാം ക്ലാസ്സിൽ ആയിരുന്നു . ഇപ്പോൾ ഡിഗ്രി ആദ്യവർഷം പഠിക്കുന്നു. ബി എ ഇംഗ്ലിഷ് എടുത്ത് ഫാത്തിമ മാതാ കോളജിൽ ആണ് പഠിക്കുന്നത്. അങ്ങനെയിരിക്കെ ആണ് തുണ്ട് എന്നെത്തേടി വന്നത്. നല്ല കഥാപാത്രങ്ങൾ വന്നാൽ സിനിമയിൽ തുടരണം എന്നാണു ആഗ്രഹം.

ഡി ഫോർ ഡാൻസിലൂടെ കലാരംഗത്ത്

നൃത്തത്തിലൂടെയാണ് ഞാൻ കലാരംഗത്ത് എത്തിയത്. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ ഷോയിലൂടെയാണ് ആദ്യം എത്തുന്നത്. ഡാൻസറായ റംസാൻ, ദില്ഷാ ഒക്കെ പങ്കെടുത്ത സീസൺ വണ്ണിലെ തേഡ് റണ്ണർ അപ്പ് ആയിരുന്നു ഞാൻ. പിന്നീട് സൂപ്പർ ഡാൻസറിൽ പങ്കെടുത്തു, ഒരു ചാനൽ ഷോയിൽ സെലിബ്രിറ്റി മെന്റർ ആയിട്ടൊക്കെ പങ്കെടുത്തു. ഡാൻസ് ഇപ്പോഴും ചെയ്യാറുണ്ട്. ഡി ഫോർ ഡാൻസ് കണ്ടിട്ടാണ് എന്നെ പുലിമുരുകനിലേക്ക് വിളിച്ചത്. സിനിമ എന്താണ് എന്നൊന്നും അറിയാത്ത പ്രായമായിരുന്നു.

See also  ശ്യാം മോഹന് മറുപടി നൽകി പൃഥ്വിരാജ്; ഞെട്ടി ആരാധകർ

കാട്ടിലായിരുന്നു ഷൂട്ടിങ്. എല്ലാവരും നല്ല കെയർ തന്നാണ് അന്ന് എന്നെ നോക്കിയിരുന്നത്. ലാലേട്ടനെ സെറ്റിൽ വച്ച് കണ്ടിരുന്നു. വളരെ കൂൾ ആയ ആളാണ് അദ്ദേഹം. എംസിആർ എന്ന മുണ്ടിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചപ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടു. പിന്നീട് എവിടെ വച്ച് കണ്ടാലും അദ്ദേഹം എന്നെ തിരിച്ചറിയാറുണ്ട്.

തുണ്ട് തന്ന സൗഹൃദം

തുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമയിൽത്തന്നെ തുടരാൻ ആണ് താൽപര്യം. തുണ്ടിന്റെ സംവിധായകൻ റിയാസ് ഇക്കയെ നേരത്തേ അറിയാം അദ്ദേഹം സഹോദരനെപ്പോലെ ആണ്. തുണ്ടിന്റെ സെറ്റ് ഒരു കുടുംബം പോലെയായിരുന്നു. ബിജു മേനോൻ ചേട്ടൻ എന്നെ കണ്ടിട്ട്, ഒരുപാട് മാറിപ്പോയല്ലോ, കണ്ടാൽ പെട്ടന്നു തിരിച്ചറിയില്ലെന്നു പറഞ്ഞു.

ഒപ്പം അഭിനയിക്കുമ്പോൾ ഒരുപാട് സപ്പോർട്ട് ചെയ്യുമായിരുന്നു അദ്ദേഹം. ഇങ്ങനെ ചെയ്തു നോക്കൂ നിനക്ക് ചെയ്യാൻ പറ്റും എന്നൊക്കെ പറഞ്ഞ് പ്രോത്സാഹനം തരും. വളരെ രസകരമായിരുന്നു അദ്ദേഹത്തോടൊപ്പം ഉള്ള അഭിനയ നിമിഷങ്ങൾ. നല്ല അഭിപ്രായങ്ങൾ ആണ് തുണ്ടിനു കിട്ടുന്നത്. നല്ല വേഷങ്ങൾ ചെയ്ത് സിനിമയിൽ തുടരണം എന്നാണ് ആഗ്രഹം.

Leave a Comment