കൊച്ചി (Kochi) : നിർമാതാവ് ആന്റണി പെരുമ്പാവൂർ എമ്പുരാന്റെ വിവാദത്തിൽ പ്രതികരിച്ചു. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നില്ല. (Producer Antony Perumbavoor responded to the Empuran controversy. He never singled out Prithviraj.) തങ്ങൾക്ക് എല്ലാവർക്കും സിനിമയെക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മാറ്റം വരുത്തിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
‘പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട ആവശ്യമില്ല. സിനിമയുടെ മുഴുവൻ കഥയും എനിക്കും മോഹൻലാലിനും അറിയാമായിരുന്നു. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ല. റീ എഡിറ്റിംഗ് സമ്മർദ്ദം കാരണമല്ല. മാറ്റം വരുത്തിയത് കൂട്ടായ തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തിയില്ല. അദ്ദേഹവുമായി സംസാരിക്കും. വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. നമ്മൾ സമൂഹത്തിലാണല്ലോ ജീവിക്കുന്നത്. എല്ലാ പോസിറ്റീവായി എടുക്കണം. സിനിമയെ സിനിമയായി കാണണം. എമ്പുരാനിൽ വളരെ ചെറിയ മാറ്റമാണ് വരുത്തിയത്’,- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
വിവാദം പുകയുന്ന എമ്പുരാൻ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത ന്യൂ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ഇന്നലെ വൈകിട്ടോടെ എത്തിക്കാനായിരുന്നു ശ്രമം. എല്ലാ സങ്കേതിക പ്രവർത്തനവും പൂർത്തിയാക്കി മാസ്റ്റർ പ്രിന്റിലേക്കെത്താൻ വൈകി. ഞായറാഴ്ച യോഗം ചേർന്ന സെൻസർ ബോർഡിനു മുന്നിൽ വീണ്ടും എഡിറ്റ് ചെയ്ത പ്രിന്റ് നിർമ്മാതാക്കൾ എത്തിച്ചിരുന്നു. തുടർച്ച കിട്ടുന്നതിനായി ഡബ്ബിംഗ് ഉൾപ്പെടെ ചെയ്യേണ്ടി വന്നു. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റിയിട്ടുണ്ട്. 18 ഇടത്താണ് ഈ പേര് പറയുന്നത്. മോഹൻലാൽ രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ഇതെല്ലാം വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നു.