അനീഷ് അന്‍വറിന്റെ ‘രാസ്ത’ പ്രേക്ഷക ശ്രദ്ധ നേടുന്നു; സിനിമയെച്ചൊല്ലി റിവ്യൂ വിവാദങ്ങളും

Written by Taniniram

Updated on:

താര അതിയടത്ത്

രാസ്ത എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം ഒരിടത്തേക്ക് നയിക്കുന്ന പാത, വഴി എന്നൊക്കെയാണ്. മലയാള സിനിമയിലേക്ക് അത്തരത്തിലൊരു പാതയുമായി എത്തിയിരിക്കയാണ് പ്രേക്ഷകര്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ അനീഷ് അന്‍വര്‍. സൗദി-ഒമാന്‍ അതിര്‍ത്തിലായി പടര്‍ന്നു കിടക്കുന്ന, റുബല്‍ ഖാലി എന്ന ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ മരുഭൂമിയിലാണ് കഥ നടക്കുന്നത്. അമ്മയെത്തേടി ഒമാനിലെത്തുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവളുടെ സഹായത്തിനായി ഒരു കൂട്ടം പ്രവാസി മലയാളികള്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

റുബല്‍ ഖാലി മരുഭൂമിയില്‍ 2011 ലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ പ്രവാസി മലയാളികളുടെ സൗഹൃദ കഥയിലൂടെ തുടങ്ങുന്ന ചിത്രം പിന്നീട് ത്രില്ലര്‍ സ്വഭാവത്തിലേക്ക് കടക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഷാഹുല്‍,ഫായിസ് മടക്കര എന്നീ നവാഗതരാണ്. വിഷ്ണുനാരായണനാണ് ഛായാഗ്രഹണം . സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി, അനീഷ് അന്‍വര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

പക്ഷെ സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോഴേക്കും വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കയാണ്. സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. വധഭീക്ഷണിയടക്കം ഗുരുതരമായ ആരോപണങ്ങളാണ് വീഡിയോയിലൂടെ പ്രമുഖ സിനിമാ റിവ്യൂവര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തിലൂടെ മാത്രമെ ഇതില്‍ വ്യക്തത വരികയുളളൂ.

മലയാള സിനിമാപ്രേമികളുടെ ആസ്വാദനമേഖല എന്നത് തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ സിനിമ സാങ്കേതികമായി വളര്‍ന്നതു കൊണ്ടോ, കോടികള്‍ മുടക്കിയതു കൊണ്ടോ വലിയ മാറ്റങ്ങളൊന്നും ഇതുവരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഓരോ പ്രേക്ഷകനും ആവശ്യപ്പെടുന്നത് പുതുമയാണ്. അതുകൊണ്ടു തന്നെ ‘രാസ്ത’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ മലയാള സിനിമാലോകത്തേക്കുള്ള ഈ ചിത്രത്തിന്റെ വഴി പ്രേക്ഷകര്‍ തന്നെ തീരുമാനിക്കട്ടെ.

See also  സുരേഷ് ഗോപിയുടെ ഇടപെടലും ഫലം കണ്ടില്ല;താരസംഘടന അമ്മയുടെ നായകസ്ഥാനത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീരുമാനം അറിയിച്ചു

Related News

Related News

Leave a Comment