നടൻ അല്ലുഅർജുൻ അറസ്റ്റിൽ

Written by Taniniram

Published on:

ഹൈദരാബാദ്: ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അല്ലുവിന്റെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നാടകീയ നീക്കംഅല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്.

ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഷോ ആരംഭിക്കുന്നതിന് മുന്‍പ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന്‍ ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.

തിരക്കിന്‍റേതായ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു.

See also  മാര്‍ക്കോയിലൂടെ അരങ്ങേറ്റം കുറിച്ച് ഷമ്മി തിലകന്റെ മകന്‍ അഭിമന്യു

Leave a Comment