സന്തോഷ് വര്‍ക്കിക്കെതിരെ കേസ് കൊടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് നടി ഉഷ ഹസീന. (Actress Usha Haseena talks about the circumstances surrounding filing a case against Santosh Varkey.) മാനസിക പ്രശ്‌നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാള്‍ക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നത്. എന്നാല്‍ മലയാള സിനിമയിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണ്. വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ നാളെ ഇതിനപ്പുറം പറയും ഇയാള്‍. പൊലീസില്‍ മാത്രമല്ല ‘അമ്മ’ സംഘടനയിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് ഉഷ പറയുന്നത്. ഉഷ, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ നിലവില്‍ സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഉഷയുടെ വാക്കുകള്‍:
എല്ലാവര്‍ക്കും നമസ്‌കാരം. കശ്മീരില്‍ ഭീകരരുടെ ക്രൂരത മൂലം മരണപ്പെട്ട എല്ലാ സഹോദരങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഈ തീരാദുഃഖം താങ്ങുവാനുളള മനശക്തി മരണപ്പെട്ടവരുടെ കുടുംബാംങ്ങള്‍ക്ക് ഉണ്ടാകട്ടെ. ഇപ്പോള്‍ ഈ വീഡിയോ ചെയ്യാന്‍ മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്. ഇന്നലെയും ഇന്നുമായി എന്റെ സഹപ്രവര്‍ത്തകര്‍ ഒരു ഫെയ്‌സ്ബുക്ക് പേജിന്റെ ലിങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടും എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിനിമാ നടികളൊക്കെ വേശ്യകളാണെന്ന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് അയാള്‍ അങ്ങനെ പോസ്റ്റ് ഇട്ടതെന്ന് അറിയില്ല.
40 വര്‍ഷമായി ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. എനിക്ക് മുമ്പും ശേഷവും ഇപ്പോഴും ആയിരക്കണക്കിന് സ്ത്രീകള്‍ പല മേഖലകളിലായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ. ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്ന് പറയാന്‍ ഇയാള്‍ക്ക് എന്ത്… എന്താ അതിന് മറുപടി പറയേണ്ടത്. ഇതൊരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഇയാളുടെ ഇതിന് മുമ്പുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും, തലയ്ക്ക് സുഖമില്ലാത്ത ആളാണ്, മാനസിക രോഗിയാണെന്നൊക്കെ. അപ്പോഴൊക്കെ ഞാനും വിചാരിക്കും, പാവം സുഖമില്ലാത്ത ആളാണെന്ന്. പക്ഷേ പിറ്റേ ദിവസം അയാള്‍ നേരെ വിപരീതമായി പറയും, ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും.
സ്ത്രീകള്‍ക്കെതിരെയാണ് അയാള്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ പറ്റില്ല. തലയ്ക്ക് സുഖമില്ലെങ്കില്‍ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാള്‍ നേരെ ആയാല്‍ പുറത്തുകൊണ്ടുവരൂ. അല്ല എന്നുണ്ടെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്ത്രീകളെ ഇങ്ങനെ അപമാനിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തനാണെന്ന് പറഞ്ഞ് ഇയാള്‍ക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാനും ഞങ്ങള്‍ക്ക് നന്നായി അറിയാം.
നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരൊന്നുമില്ലേ? എല്ലാ സ്ത്രീകളെയും പോലെ ഞങ്ങളും ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ മോശക്കാരാണെന്നു പറയുന്ന പ്രവണത ഉണ്ട്. മറ്റുള്ള സ്ത്രീകളെപ്പോലെ തന്നെയാണ് ഞങ്ങളും ജോലി ചെയ്യുന്നത്. ദയവായി അത് മാറ്റണം. ഈ വ്യക്തിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകരായ സ്ത്രീകളായ അഭിനേതാക്കളോട് എനിക്കൊരു അഭ്യര്‍ഥനയുണ്ട്. നമ്മളിതിങ്ങനെ വിട്ടുകൊടുക്കരുത്. ഇന്നിയാള്‍ ഭ്രാന്തനല്ലേ എന്നു പറഞ്ഞ് വീണ്ടും പോസ്റ്റ് ഇടും. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ നാളെ ഇതിനപ്പുറം പറയും ഇയാള്‍.
വേറെ ആളുകള്‍ക്ക് ഇതു പറയാനുള്ള ഒരു പ്രചോദനം കൂടിയാകും. അതുകൊണ്ട് ദയവ് ചെയ്ത് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകണം. ഈ വ്യക്തിയെ വെറുതെ വിടരുത്. ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രേക്ഷകരും ഞങ്ങള്‍ക്കൊപ്പമുണ്ടാകണം. എന്റെ പരാതിയുമായി ഞാന്‍ മുന്നോട്ടുപോകുകയാണ്. ‘അമ്മ’ അസോയിഷേനില്‍ അന്‍സിബയുടെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോയിട്ടുണ്ട്. നാളെ ഒരാള്‍ ഇതുപോലെ പറയാനുള്ള ധൈര്യം ഇനി ഉണ്ടാകരുത്. ആ രീതിയില്‍ വേണം നമ്മള്‍ അഭിനേതാക്കളെല്ലാം ഈ കേസിനൊപ്പം നില്‍ക്കാന്‍.