ബിഗ് ബോസ് മുൻ താരവും സംവിധായകനുമായ അഖിൽ മാരാരുടെ അമ്മ ഇപ്പോഴും തൊഴിലുറപ്പിന് പോകുന്നുണ്ട്. മകൻ ഇത്രയും പൈസയുണ്ടാക്കിയിട്ടും അമ്മ തൊഴിലുറപ്പിന് പോകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. അഖിൽ മാരാർ കുടുംബത്തെ സഹായിക്കുന്നില്ലെന്നും വിമർശനമുയർന്നിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ മാരാരും അമ്മയും. ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
‘ഞാൻ വീട്ടിലേക്ക് വന്നപ്പോൾ ആളിവിടില്ല, തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. ഞാൻ വിളിച്ചുവരുത്തിയതാണ്. മോൻ ഇത്രയും പെസയുണ്ടാക്കിയിട്ടും അമ്മ എന്തിനാണ് തൊഴിലുറപ്പിന് പോകുന്നതെന്ന് കുറേ ആളുകൾക്ക് കുറച്ചുനാളായുള്ള പ്രശ്നമാണ്. കുറേനാളുകളായി അമ്മ തൊഴിലുറപ്പിന് പോണില്ല, ആശുപത്രിയിലാണ്. അച്ഛന് സുഖമില്ലാതായതും, അമ്മൂമ്മ മറിഞ്ഞുവീണതും, അങ്ങനെ അമ്മ ഫുൾ ആശുപത്രിയിലാണ്.’- അഖിൽ മാരാർ പറഞ്ഞു.
തന്റെ എന്ത് ആവശ്യവും മകൻ നിറവേറ്റിത്തരുമെന്ന് അഖിൽ മാരാരുടെ അമ്മ പറഞ്ഞു. ‘ഞാൻ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷത്തിനും, എന്റെ കൂട്ടുകാരുമായിട്ട് എനിക്ക് സമയം ചെലവഴിക്കാനുമാണ്. അല്ലാതെ എത്രയോ വർഷങ്ങളായി എന്റെ മകനാണ് എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. തൊഴിലുറപ്പിന് പോയി കിട്ടുന്ന പണം കൊണ്ടല്ല ഞാനിപ്പോൾ ജീവിക്കുന്നത്. പക്ഷേ എനിക്ക് തൊഴിലുറപ്പിന് പോകണം. അത് മാനസികോല്ലാസമാണ്. അല്ലാതെ ആൾക്കാർ പറയുന്നതുപോലെ എന്റെ മോൻ നിർബന്ധിച്ചുപറഞ്ഞുവിടുന്നില്ല.’- അഖിൽ മാരാരുടെ അമ്മ പറഞ്ഞു. അമ്മ ജോലി ചെയ്യുന്ന വീഡിയോയും അഖിൽ മാരാർ പങ്കുവച്ചിട്ടുണ്ട്.