മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണെമെന്ന ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ച് അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടന. (An organization called Akhil Bharatiya Malayali Sangh has written a letter to Union Defense Minister Rajnath Singh demanding that Mohanlal’s Lieutenant Colonel rank be revoked.) മോഹൻലാൽ നിരവധി ദേശസ്‌നേഹമുണർത്തുന്ന സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി യുവാക്കളെ പ്രചോദിപ്പിച്ചതിനാണ് അദ്ദേഹത്തിന് ഓണററി പദവിയായി ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ പദവി നൽകിയത്. പക്ഷെ , അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ രാജ്യത്തെയും ഹിന്ദുക്കളെയും അപമാനിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രിക്കയച്ച കത്തിൽ പറയുന്നു.
സത്യം വളച്ചൊടിച്ച് ഇന്ത്യാവിരുദ്ധ ശക്തികളെ മഹത്വവത്കരിക്കുകയും സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുകയും ചെയ്തു. മാത്രമല്ല സൈന്യത്തെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യത്തെ അന്വേഷണ ഏജൻസികളെയും മോശമായി ചിത്രീകരിച്ചു തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ ആരോപിക്കുന്നത്. സ്വകാര്യ ജ്വല്ലറിയുടെ പരസ്യത്തിൽ യൂണിഫോമിട്ട് പങ്കാളിയായി തുടങ്ങിയ ആരോപണവും ഉന്നയിക്കുന്നുണ്ട്. മോഹൻലാൽ സൈനിക യൂണിഫോമിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തിയെന്നും അഖില ഭാരതീയ മലയാളി സംഘ് ആരോപിക്കുന്നു.
അതേസമയം, ചിത്രത്തിനെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. പ്രമേയത്തെച്ചൊല്ലിയുള്ള വിവാദത്തിൽ നായകൻ മോഹൻലാൽ തന്നെ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും വിമർശനങ്ങൾക്ക് അയവുണ്ടായിരുന്നില്ല. അതിനിടയിലും, ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്.