നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹ മോചനത്തിൻറെ അവസാന നടപടികൾ ഇരുവരും പൂർത്തിയാക്കിയത്. (Actress Veena Nair and Swati Suresh (RJ Aman) are officially divorced. Both of them completed the final steps of divorce by reaching the family court.) 2014 ൽ ആണ് വീണ നായരും ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്.
നേരത്തെ തങ്ങൾ ഒരുമിച്ചല്ല എന്ന് സ്ഥിരീകരിച്ച വീണ നായർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി, മൂന്ന് വർഷത്തിനുശേഷമാണ് നിയമപരമായി ബന്ധം വേർപെടുത്തുന്നത്.
ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും മകൻ തങ്ങൾ രണ്ട് പേർക്കുമൊപ്പം മാറി മാറി വളരുമെന്നും ഈ അടുത്ത് അഭിമുഖത്തിൽ വീണ പറഞ്ഞിരുന്നു. ഓൺലൈൻ മലയാളി എൻറർടെയ്ൻമെൻറ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘‘എന്റെ മകൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്.
ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാനെന്തു പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവന്റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം. നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. അകന്നു കഴിയുകയാണ് എന്നത് സത്യമാണ്.’’–വീണ നായരുടെ വാക്കുകൾ.
ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വാർത്തകളും വീണ നിഷേധിച്ചു. ‘‘ഒരു ഷോ കാരണമൊന്നും തകരുന്നതല്ല കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകൾകൊണ്ട് സംഭവിക്കുന്നതാണ്. ബിഗ് ബോസ് കാരണം എന്റെയും മഞ്ജു പത്രോസിന്റെയുമൊക്കെ കുടുംബം തകർന്നുവെന്ന് പല കമന്റുകളും കണ്ടിരുന്നു. അതങ്ങനല്ല.’’–വീണയുടെ വാക്കുകൾ.
താൻ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും വീണ തുറന്നു സംസാരിച്ചു. ‘‘ഇത്തരം കമന്റുകൾ സ്ഥിരം കേൾക്കാറുള്ളതാണ്. പറയുന്നവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. പണ്ട് അത് തമാശ പോലെ ചിലർ ചോദിച്ചിരുന്നെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്യമായി പലരും ചോദിക്കാൻ തുടങ്ങി. വണ്ണം ഉണ്ടെന്ന് കരുതി എനിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഞാൻ ചെറുപ്പം മുതലേ ഇങ്ങനെയാണ്. രണ്ട് മൂന്ന് വർഷം മുൻപ് ഇരുപത് കിലോയോളം കുറച്ചപ്പോഴായിരിക്കും കുറച്ച് വണ്ണം കുറഞ്ഞ് എല്ലാവരും കണ്ടിട്ടുണ്ടാവുക. സ്‌കൂളിൽ പഠിക്കുമ്പോഴൊക്കെ വണ്ണത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. പറയുന്നവർ പറയട്ടെ, എന്നേ ഇപ്പോൾ വിചാരിക്കുന്നുള്ളു.
വിമർശിക്കാനും മോശം കമന്റിടാനും വരുന്നവർക്ക് എന്റെ അഭിനയത്തെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം. ഇഷ്ടമായില്ലെങ്കിൽ ഇല്ലെന്ന് തന്നെ പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. നമ്മൾ എല്ലാവരുടെയും മുന്നിൽ അഭിമുഖവും മറ്റുമൊക്കെ ചെയ്യുന്നത് കൊണ്ട് പരസ്യമായി തന്നെ വിമർശിക്കാനും സാധിക്കും. പക്ഷേ സഭ്യമായ ഭാഷയിലായിരിക്കണം പ്രതികരിക്കേണ്ടത്. മുൻപൊരിക്കൽ എന്നെ കുറിച്ച് വളരെ മോശമായി സംസാരിച്ച ആൾക്കെതിരെ കേസ് കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അത്രയും വർത്തമാനം പറഞ്ഞത് കൊണ്ടാണ് അതിന് പിന്നാലെ പോയത്. എന്നാൽ അത് സ്ഥിരമായി സംഭവിച്ച് കൊണ്ടിരിക്കുന്നതാണ്. നല്ല മറുപടികളും സ്‌നേഹവും തരുന്നവരും വേറെ ഉണ്ട്. അതും പറയാതിരിക്കാൻ സാധിക്കില്ല.
പിന്നെ ബോഡി ഷെയിമിങ്ങ് സ്ഥിരം കിട്ടാറുള്ളതാണ്. വണ്ണം ഉള്ളതിനാൽ സാരി ഉടുക്കുമ്പോഴും അല്ലാതെയുമൊക്കെ മോശം പറയുന്നവരുണ്ട്. ആ ശീലം പലർക്കും നിർത്താൻ പറ്റുന്നില്ല. അവരിങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കും. നാട്ടിലുള്ളവരുമൊക്കെ നിനക്ക് ഇതെന്തൊരു വണ്ണമാണ്, നീ ഇതെന്താ കഴിക്കുന്നതെന്ന് ചോദിക്കുമായിരുന്നു. വേറെ ചിലർ നീ ഇതേത് റേഷൻ കടയിലെ ചോറാണ് കഴിക്കുന്നതെന്ന് ചോദിക്കും. ഇങ്ങനെയൊന്നും കളിയാക്കാൻ പാടില്ലെന്ന് ഒരു നിയമമോ സംവിധാനമോ ഇവിടെ വരുമോ? സാധ്യതയുണ്ടെന്ന് ഒരിക്കലും തോന്നുന്നില്ല.’’–വീണ നായരുടെ വാക്കുകൾ.
മിനിസ്‌ക്രീൻ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് വീണ നായർ. പിന്നീട് ഒരു ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. മമ്മൂട്ടി–ഗൗതം മേനോൻ ചിത്രമായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.