നൃത്തത്തിനൊടുവിൽ കൃഷ്ണ സ്തുതി കേട്ട് വികാരാതീതയായി കണ്ണീർ വാർക്കുന്ന നവ്യയെ ആശ്വസിപ്പിക്കാൻ വേദിക്ക് അരികിലേക്ക് എത്തുകയാണ് കാണികൾക്കിടയിൽ നിന്നൊരു മുത്തശ്ശി.
അഭിനയത്തേക്കാൾ ഡാൻസിൽ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ. ഗുരുവായൂർ ഉത്സവ വേദിയിൽ നവ്യ നൃത്തം അവതരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നൃത്തത്തിനൊടുവിൽ കൃഷ്ണ സ്തുതി കേട്ട് വികാരീതയായി കണ്ണീർ വാർക്കുന്ന നവ്യയെ വീഡിയോയിൽ കാണാം. സാഷ്ടാംഗം പ്രണമിച്ചു നിൽക്കുകയാണ് നവ്യ. കണ്ണീരാൽ ഇടറി നിൽക്കുന്ന നവ്യയെ ആശ്വസിപ്പിക്കാനായി വേദിയ്ക്ക് അരികിലെത്തിയ ഒരു മുത്തശ്ശിയേയും വീഡിയോയിൽ കാണാം. സെക്യൂരിറ്റി ജീവനക്കാരൻ ആ മുത്തശ്ശിയെ വേദിയ്ക്ക് അരികിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും നവ്യയെ അടുത്തേക്ക് വിളിച്ച് അവിടെ തന്നെ നിൽക്കുകയാണ് മുത്തശ്ശി. നവ്യ മുത്തശ്ശിയ്ക്ക് അരികിലെത്തുമ്പോൾ നവ്യയുടെ കൈകളിൽ പിടിച്ച് കരയുകയാണ് അവർ.
“കൃഷ്ണന്റെ മായാജാലം ദാ ഇങ്ങനെയും,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
എത്രമാത്രം സ്പിരിച്വലായ അനുഭവമാണിത് എന്നാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിൽ ഒന്ന്.
“ഒരു കലാകാരിയും, ആസ്വാദകനും, ഈശ്വരനോളം ഒന്നാകുന്ന നിമിഷം”,
“കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ,” എന്നിങ്ങനെ പോവുന്നു കമന്റുകൾ.
‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.