വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് ആശ്വാസം

Written by Taniniram

Published on:

ഇന്ത്യൻ വനിതകൾ ദശാബ്ദങ്ങളായി ആഗ്രഹിച്ചിരുന്ന സമത്വത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു. എന്നാൽ മുറവിളി ഭരണാധികാരികളാരും കേട്ടില്ലെന്നു നടിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ അർഹമായ സ്ഥാനവും ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും അങ്ങനെയല്ല. ജനസംഖ്യയിൽ പകുതിയോളമുള്ള വനിതകൾ ഇവിടെ പങ്കാളിത്തത്തിന്റെ ബഹുമുഖ തലങ്ങളിൽ പിന്നോക്കമാണ്. സുപ്രധാനമായ വനിതാ സംവരണ ബിൽ ഇനിയും യാഥാർഥ്യമാവാതെ നമ്മുടെ ജനാധിപത്യത്തിന്റെ പോരായ്മയായി തീരുമ്പോഴാണ് നിർണായകമായ കേന്ദ്രമന്ത്രിസഭാ യോഗത്തിലുണ്ടായ ശുഭ തീരുമാനം. ജൻഡർ തുല്യത ഉറപ്പാക്കിയും രാഷ്ട്രീയ ഭരണ മേഖലകളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുകയും സമത്വത്തിന്റെ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു വനിതാ സംവരണ ബിൽ പാർലമെൻറിൽ അവതരിപ്പിക്കാൻ തീരുമാനമെടുത്തത്. ഇതോടെ ദശാബ്ദങ്ങളുടെ അനിശ്ചിതത്വത്തിനു വിരാമമാവുകയാണ്.
വനിതകൾക്ക് പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ യാത്ര തുടങ്ങിയിട്ട് തന്നെ മൂന്നു പതിറ്റാണ്ടുകളായി. പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവരികയും പ്രതിഷേധങ്ങൾക്കിടയിൽ പാസ്സാകാതെ പോവുകയും ചെയ്യുന്ന കപട നാടകങ്ങളാണ് 1996 മുതൽ നടന്നു വന്നത്. 1996, 2002, 2003 വർഷങ്ങളിലും പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.


കോൺഗ്രസ്, ബി ജെ പി, ഇടതു പാർട്ടികൾ ഒത്തുപിടിച്ചപ്പോൾ 2010 യു പി എ സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ ബിൽ പാസ്സാക്കി. എന്നാൽ അതുകഴിഞ്ഞു 13 വർഷമായിട്ടും ലോക്സഭയിൽ പാസ്സാകാത്ത ദുരവസ്ഥയിലായിരുന്നു ബിൽ
നിയമം ഇതുവരെ യാഥാർഥ്യമാകാത്തതിന് രണ്ടാണ് കാരണം. പിന്നോക്ക വിഭാഗക്കാർക്കിടയിൽ അടിത്തറയുള്ള സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളുടെ എതിർപ്പാണ് ഒരു കാരണം. ഉപസംവരണത്തിലൂടെ പിന്നോക്ക വിഭാഗങ്ങൾക്കുകൂടി പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അവരും ബി എസ് പി യും ആവശ്യപ്പെടുന്നു. മറ്റു ചില പാർട്ടികളിലെ പുരുഷ നേതൃത്വം വനിതാ സംവരണത്തോടു പുലർത്തുന്ന തണുപ്പൻ സമീപനമാണ് രണ്ടാമത്തെ കാരണം. സ്വന്തം മണ്ഡലങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നാണ് അവരുടെ ഭയം.
ലോക്സഭയിലും നിയമ സഭകളിലും മൂന്നിലൊന്നു സംവരണം ഉറപ്പാക്കുന്നു. നിയമത്തിലൂടെ വനിതകൾക്ക് നിയമ നിർമ്മാണ പ്രക്രിയയിൽ അർഹിക്കുന്ന പങ്കാളിത്തം ഉറപ്പാക്കുമ്പോഴേ ജനാധിപത്യ ഭാരതം പക്വത നേടൂ. സ്വെഛാപരമായ പുരുഷ മേധാവിത്വവും അവഗണനയും അവസാനിപ്പിച്ച് സ്ത്രീകളുടെ ഭരണഘടനപരമായ അവകാശം ഉറപ്പാക്കൽ കൂടിയാണ് വനിതാ സംവരണത്തിലൂടെ രാജ്യം നേടുക. ഇപ്പോഴത്തെ പ്രത്യേക പാര്ലമെന്റ് സമ്മേളനത്തിലൂടെ ഈ നിർണായക ബിൽ യാഥാർഥ്യമാകുമെന്നാണ് സ്ത്രീ സമൂഹം പ്രതീക്ഷിക്കുന്നത്. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരും ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് പ്രതീക്ഷ

See also  സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കരുത്

Leave a Comment