വെള്ളവും വെളിച്ചവും ജനങ്ങൾക്ക് അന്യമാകും

Written by Web Desk1

Updated on:

ശുദ്ധജല വിതരണത്തിലും വൈദ്യുതി മേഖലയിലും പുതിയ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും മുടക്കുന്ന ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആദിവാസി കേന്ദ്രങ്ങളിലും മറ്റു പ്രദേശങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റിക്ക് ലക്ഷങ്ങളാണ് സർക്കാർ നൽകാനുള്ളത്. ഇത് മുടങ്ങിയതുമൂലം പല സ്ഥലങ്ങളിലും കണക്ഷൻ വിച്ഛേദിച്ചിരിക്കയാണ്. നഗരങ്ങളിലാകട്ടെ വാട്ടർ ടാങ്കുകൾ പലയിടത്തും പൊട്ടിയതുമൂലം ശുദ്ധജല വിതരണം മുടങ്ങി. കുടിവെള്ളം പലയിടത്തും കിട്ടാതെയായി.

വൈദ്യുതി മേഖലയിലെയും സ്ഥിതി വിഭിന്നമല്ല. കെ എസ് ഇ ബിക്കു വൻതുക സർക്കാർ നൽകാനുണ്ട്. കടം തീർക്കാൻ ഒരു വഴിയും കാണാതെ സർക്കാർ ബുദ്ധിമുട്ടുകയാണ്. അതിനിടയിൽ സപ്ലൈ കോഡ് പരിഷ്കരണം കൊണ്ടുവരികയാണ്. ഇതുമൂലം വൈദ്യുതി കണക്ഷന് ചെലവേറും. വൈദ്യുതി വിതരണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതോടെ വൈദ്യുതി കണക്ഷൻ നൽകുന്നതിലെ നിരക്കുകളിൽ വീണ്ടും വർധനയുണ്ടാകും.

വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ നിരക്കു വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ രണ്ടു ദിവസം,മുൻപ് ഉത്തരവിറക്കിയിരുന്നു. ഈ നിരക്കിനേക്കാൾ കൂടുതലായിരിക്കും സപ്ലൈ കോഡിലെ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഉണ്ടാകുന്നതെന്നാണ് കണക്കാക്കുന്നത്.

പുതിയ സപ്ലൈ കോഡിലെ വ്യവസ്ഥയനുസരിച്ച് വൈദ്യുതി ലൈൻ കടന്നു പോകുന്ന ഭാഗത്തു നിന്ന് 200 മീറ്റർ വരെ അകലത്തിലേക്ക് പുതിയ കണക്ഷൻ എടുക്കുന്നവർ നിലവിൽ നൽകുന്ന ഭീമമായ നിരക്ക് കുറയും. വൈദ്യുതി ലൈൻ കടന്നുപോകുന്നതിനോട് ചേർന്ന് പുതിയ കണക്ഷൻ എടുക്കുന്നവർക്കും 200 മീറ്റർ വരെ അകലേക്ക് കണക്ഷൻ എടുക്കുന്നവർക്കും ഉപയോഗിക്കുന്ന വൈദ്യുതിയുടെ ലോഡ് കണക്കാക്കി കിലോവാട്ട് അനുസരിച്ചായിരിക്കും ഫീസ് ഈടാക്കുക. സപ്ലൈകോഡ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കരട് ചട്ടത്തിൽ ഈ മാസം ഉപഭോക്താക്കളുടെ വാദം കേൾക്കും.

കിലോവാട്ട് കണക്കാക്കി ഫീസ് ഈടാക്കുമ്പോൾ കെ എസ് ഇ ബിക്കുണ്ടാകുന്ന ബാധ്യതകൾ ഉൾപ്പെടെയുള്ളവ കണക്കാക്കി വിശദമായ റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ നല്കാൻ റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുകയാണ്.

വൈദ്യുതി ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന പരിഷ്കരണങ്ങളാണ് വരാൻ പോകുന്നത്. സർക്കാർ ഇത്തരം പരിഷ്കരണങ്ങളിൽ നിന്നും പിന്തിരിയുകയാണ് വേണ്ടത്.

See also  കെഎസ്ആർടിസി ബസിൽ ഇനി യാത്രക്കിടെ വെള്ളവും ഭക്ഷണവും ലഭിക്കും; പണം ഡിജിറ്റലായി നൽകാം

Leave a Comment