വാഹന ഉടമകൾ പെരുവഴിയിൽ

Written by Web Desk1

Published on:

ലോൺ എടുത്തും പണയം വച്ചും വാഹനങ്ങൾ വാങ്ങിയവർ സ്വന്തം വണ്ടിയിൽ തെരുവിലിറങ്ങതെ കഴിയുന്നു. ലൈസൻസും ആർ സി യും കിട്ടാതെ ഏഴരലക്ഷം വാഹന ഉടമകളാണ്‌ ബുദ്ധിമുട്ടുന്നത്. സർക്കാർ വരുത്തിയ കുടിശ്ശിക മറ്റൊരു വലിയ പ്രതിസന്ധികളാണ് വഴിയൊരുക്കിയത്.

ഡ്രൈവിംഗ് ലൈസൻസ്, രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാതായത് സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലൈസൻസ്, ആർ സി എന്നിവ അച്ചടിച്ച വകയിൽ ലഭിക്കേണ്ട എട്ടു കോടി രൂപ കുടിശ്ശികയായത്തോടെ കരാറെടുത്ത സ്ഥാപനം നിറുത്തിവച്ചതാണ് ഈ പ്രതിസന്ധിക്കു കാരണം. പ്രതിമാസം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ ഒരു ലക്ഷത്തോളമാണ്. അതുകൊണ്ടുതന്നെ അച്ചടി മുടങ്ങിക്കിടക്കുന്ന ഓരോ ദിവസവും ഈ അവശ്യ രേഖകൾക്കായി കാത്തിരിക്കുന്ന വാഹന ഉടമകളുടെ എണ്ണവും ഉയരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് ലഭിക്കാത്തവരും പുതിയ വാഹനം വാങ്ങി ആർ സി ലഭിക്കാത്തവരും സംസ്ഥാനത്തെ ആർ ടി ഓഫിസുകളിൽ നിത്യവും വൃഥാ കയറിയിറങ്ങുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ ഏറെ കൊട്ടിഘോഷിച്ചാണ് ലൈസൻസും ആർ സി യും പി വി സി കാർഡിൽ അച്ചടിച്ച് വിതരണം ചെയ്യുന്ന പദ്ധതി സർക്കാർ ആരംഭിച്ചത്. കൊച്ചി തേവരയിലെ സെൻട്രലൈസ്ഡ് പ്രിന്റിങ് സ്റ്റേഷനിലായിരുന്നു അച്ചടി. എന്നാൽ കരാറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് കമ്പനി നവംബർ 16 നു ഡ്രൈവിംഗ് ലൈസന്സിന്റെയും പിന്നാലെ 23 നു ആർ സി ബുക്കിന്റെയും അച്ചടി നിറുത്തിവച്ചു.

ആർ സി കിട്ടാത്തതിനാൽ ടെസ്റ്റ് നടത്തൽ, പെർമിറ്റ് എടുക്കൽ, വാഹനം കൈമാറ്റം എന്നിവയൊക്കെ മുടങ്ങി. മറ്റു സംസ്ഥാങ്ങളിലേക്കു പോകുന്ന ലോറി, ബസ് തുടങ്ങിയവയുടെ യാത്രയും പ്രതിസന്ധിയിലായി. പുതിയ വാഹനങ്ങളുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവർ അവിടെ വാഹന പരിശോധനയിൽ കുടുങ്ങി പിഴയൊടുക്കേണ്ടി വരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഹാജരാക്കേണ്ട പഴയ വാഹനങ്ങളുടെ ഉടമകളും പ്രതിസന്ധിയിലാണ്.

ആർ സി യും സ്മാർട്ട് കാർഡായി വിതരണം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ ഇതിനു വിരുദ്ധമായി പി വി സി കാർഡാണ് കേരളം നൽകുന്നത്. 10 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന കാർഡാണിതെന്നു പരാതിയുണ്ട്. സ്മാർട്ട് കാർഡിന് കേന്ദ്രം നിർണയിച്ച തുക തന്നെ വാഹന ഉടമകളിൽ നിന്ന് സംസ്ഥാനം ഈടാക്കുന്നുണ്ട്. പി വി സി കാർഡ് വിതരണത്തിന് പിന്നിൽ പുറത്തുവരുന്ന ക്രമക്കേടുകളുണ്ടെന്നു ആരോപണമുണ്ട്.. ഇതേക്കുറിച്ച് അന്വേഷിക്കണം. വൻ തുക നൽകി വാഹനം വാങ്ങി നികുതി ഉൾപ്പെടെ ഒടുക്കിയിട്ടും അവശ്യ രേഖകൾ കിട്ടാതെ വലയുന്നവരുടെ ദുരിതം തീർക്കാൻ സത്വര നടപടികളെടുക്കാൻ സർക്കാർ തയ്യാറാകേണ്ടതാണ്.

See also  കായിക വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്

Leave a Comment