അന്താരാഷ്ട്ര വനിതാദിനത്തിന്റെ ആഘോഷങ്ങളും ആശംസകളും അഭിവാദ്യങ്ങളും കഴിഞ്ഞെങ്കിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ ഒരു സമരപ്പന്തൽ ലക്ഷ്യമാക്കി യാത്ര ചെയ്യണം കേരളത്തിന്റെ സമൂഹ മനസ്സാക്ഷി. നമ്മുടെയെല്ലാം വീട്ടകങ്ങളിലേക്ക് കരുതലിന്റെയും സ്വാന്തനത്തിന്റെയും സേവനത്തിന്റെയും ചിരിക്കുന്ന മുഖവുമായി എല്ലാ പ്രതിസന്ധി കാലത്തും ഓടിയെത്തിയിരുന്നവരാണ് വെയിലും മഞ്ഞും മഴയും കൊണ്ട് തെരുവിൽ പോരാടുന്നത്. ഒരു മാസത്തോളം ആകുന്നു വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലസ്ഥാന നഗരിയിൽ ദേശീയ ശ്രദ്ധ നേടിയ ആശമാരുടെ സമരം തുടങ്ങിയിട്ട്. ഐതിഹാസികമായ സമരങ്ങളും യുദ്ധങ്ങളും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചർച്ചചെയ്ത് പരിഹരിച്ച് സമന്വയത്തിന്റെയും മാനവികതയുടെയും മുഖം ജനാധിപത്യ സർക്കാരിനും പ്രസ്ഥാനങ്ങൾക്കും നഷ്ടപ്പെട്ടോ…. എന്തുകൊണ്ടാണ് ആശമാരുടെ പ്രതിഷേധങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് കാതോർക്കാൻ ഭരണാധികാരികൾ തയ്യാറാകാത്തത്. തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനമാണ് കേരളം. അൺ സ്കിൽഡ് തൊഴിലാളികൾക്കടക്കം 900. 1000 കൂലി ലഭിക്കുമ്പോഴാണ് മാസങ്ങളായി തുച്ഛമായ ദിവസക്കൂലിക്ക് നാടിൻ്റെ രക്ഷാ സൈന്യമായ ആശാവർക്കർമാർ അഹോരാത്രം പണിയെടുക്കേണ്ടിവന്നത്. ന്യായവും അർഹതപ്പെട്ടതുമായ കൂലി വർദ്ധനവ് നടത്തണമെന്നുള്ള ആവശ്യത്തെ അരാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായും രഹസ്യമായും അണിയറയിലും പൊതുജനമധ്യത്തിലും അവഹേളിച്ച് അപഹസിച്ച് അടിച്ചമർത്തി മുന്നോട്ടുപോകുന്നത് സമത്വവും സ്ത്രീ ശാക്തീകരണവും തൊഴിലാളി ക്ഷേമവും നിറഞ്ഞ ഇടതുപക്ഷ ആശയങ്ങളാൽ രൂപംകൊണ്ട സർക്കാരിന് യോജിച്ചതല്ല. സമൂഹമൊന്നടങ്കം ജനകീയവും ചരിത്രപരവുമായ സമര പോരാട്ടത്തിനൊപ്പം ആശാവർക്കേഴ്സിന് ഐക്യദാർഢ്യം രേഖപ്പെടുത്തി ഇവരുടെ ആവശ്യങ്ങളിൽ അനുഭവപൂർവമായി ഇടപെടൽ ആവശ്യപ്പെടുമ്പോൾ സർക്കാർ തുടരുന്ന മൗനത്തിന് കാലത്തിന്റെ കോടതിയിൽ മാപ്പില്ല. ഇനിയും ആശാവർക്കേഴ്സിന് അർഹതപ്പെട്ട നീതിയും അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്നതിൽ തടസ്സം നിൽക്കുന്നത് സ്ത്രീ സമൂഹത്തോടും സ്ത്രീപക്ഷ പോരാട്ടങ്ങളോടുമുള്ള വെല്ലുവിളിയാണ് പുച്ഛമാണ്. സ്ത്രീകൾ തൊഴിലിടങ്ങളിൽ നിന്ന് അന്യം നിന്നു പോകുന്ന വിവരങ്ങളാണ് വനിതാ ദിനത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നിയമസഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലെ ഈ വിവരം അസ്വസ്ഥപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സ്വയം പര്യാപ്തതയും കാര്യശേഷിയും ഉള്ള സ്ത്രീകൾ നമുക്കിടയിൽ ഉണ്ടായിട്ടും അമ്മമാരും സഹോദരിമാരും സുഹൃത്തുക്കളുമായി കർമ്മബന്ധവും രക്തബന്ധവും ഉള്ളവർ വിരൽത്തുമ്പത്ത് നിന്നിട്ടും മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നേട്ടങ്ങളുടെയും ആകാശത്തിലേക്ക് ‘അവരെ കൈപിടിച്ചുയർത്താൻ നാം എന്തുകൊണ്ട് ശ്രമിക്കുന്നില്ല. ശാസ്ത്രസാങ്കേതിക മുന്നേറ്റവും അനുബന്ധ നേട്ടങ്ങളും അവകാശപ്പെടുന്ന സമൂഹത്തെ പിന്നോട്ട് നയിക്കുന്ന പിന്തിരപ്പൻ സമീപനമാണിത്. വൈദ്യശാസ്ത്രത്തിലെ ചികിത്സ കൊണ്ട് മാറുന്നതല്ലായിത് സ്വയം തീരുത്തണം. മാറണം…മാറ്റപ്പെടണം കാലവും തലമുറകളും കർശനമായി അതാവശ്യപ്പെടുന്നുണ്ട്….നിയമങ്ങൾ കർശനം എന്ന് പറയുമ്പോഴും സ്ത്രീപക്ഷ അവകാശങ്ങൾക്ക് സമരങ്ങൾ ഉണ്ടായിട്ടും ഗാർഹിക പീഡനങ്ങളും സദാചാര പോലീസിങ്ങിനും തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനും വേർതിരിവുകൾക്കും വിവേചനങ്ങൾക്കും നമ്മുടെ അമ്മ പെങ്ങന്മാർ ഇപ്പോഴും ഇരകളാകേണ്ടി വരുന്നത് എന്തൊരു നാണക്കേടാണ്…വാക്കിൽ മാത്രമല്ല പ്രവർത്തിയിലും സ്ത്രീയോടുള്ള ആദരവ് അംഗീകാരം പ്രകടമാക്കണം. തുല്യതയും സമത്വവും കേവലം ഉട്ടോപ്യൻ ആശയമായി തരംതാഴ്ത്തപ്പെടുമ്പോൾ തൊഴിൽപരമായ ഇടങ്ങളിലും സാമൂഹിക ഇടങ്ങളിലും സ്ത്രീകളെ വില കുറച്ചു കാണുന്ന രീതി വ്യാപകമായിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ശക്തമായ ഉദാഹരണമായി മാറുകയാണ് നിലനിൽപ്പിനായുള്ള അതിജീവന പോരാട്ടം നടത്തുന്ന ആശാവർക്കർമാരുടെ സമരം. പക്ഷേ ഒന്നോർക്കണം ഈ നാട് ഇവിടം വരെയെത്തിയത് സമരങ്ങളിലൂടെയാണ്… അവകാശപോരാട്ടങ്ങളിലൂടെ… ഇന്നല്ലെങ്കിൽ നാളെ അത് നേടിയെടുക്കപ്പെടും… അവകാശപ്പെട്ടത് ചോദിച്ചുവാങ്ങുന്ന കാലമാണിത്…… കൊടുത്തേ മതിയാകൂ.
ആശാസമരത്തോടുള്ള നിഷേധം, സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി

- Advertisement -