Friday, February 28, 2025

രാഷ്ട്രീയം ആശയപരമായി നേരിടണം; വ്യക്തി അധിക്ഷേപം ഉത്തരം മുട്ടലാണ്‌

Must read

മാന്യതയുടെയും അന്തസ്സിൻ്റെയും നേരിൻ്റെയും നെറിവിൻ്റെയും മുഖമായിരുന്നു ഇന്നലെ രാഷ്ട്രീയത്തിന്. നവകാല രാഷ്ട്രീയത്തിൽ ആശയ ദാരിദ്ര്യം ബാധിക്കുമ്പോൾ വ്യക്തി അധിക്ഷേപത്തിലൂടെ നേരിടുന്ന ഒട്ടും ഗുണകരമല്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. ജനാധിപത്യത്തിന് ഇത് ഒട്ടും അഭികാമ്യമല്ല. പോരാട്ടങ്ങളും സമരങ്ങളും സംവാദങ്ങളും സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കൊടിയടയാളം. അതിൽ അഴുക്ക് വിതറുന്നത് ആര് ആയാലും അവർ യഥാർത്ഥ പൊതുപ്രവർത്തകരല്ല.
സമാനതകളില്ലാത്ത സമരവീര്യവും തലസ്ഥാനത്ത് ആശാ വർക്കേഴ്സ് സമരം തുടങ്ങിയിട്ട് 20 ദിവസങ്ങൾ പിന്നിടുകയാണ്. കാരുണ്യത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും കണിക നഷ്ടപ്പെട്ടിട്ടല്ലാതെ സകലരുടെയും കരളിൽ നോവായി ചുരുങ്ങിയ നാൾ കൊണ്ട് തന്നെ ആ സമരം മാറിയത്; ന്യായമായതുകൊണ്ടാണ്. സമരങ്ങളെ എതിർക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സർ സി. പി ശൈലി ഇടതുപക്ഷ ആശയങ്ങളുടെ പിൻതുടർച്ച അവകാശപ്പെടുന്ന സർക്കാരിന് യോജിച്ചതല്ല.
അവർ പിൻമാറില്ലെന്ന് കണ്ടപ്പോൾ മാനസികമായും അധികാരം ഉപയോഗിച്ച് തളർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയക്കാർ കൊണ്ട് ഇറക്കിയതാണെന്ന തരത്തിൽ ധനമന്ത്രിയുടെ അധിക്ഷേപം, അവഹേളനം. പിന്നെ സമരം നിർത്തി ജോലിയ്ക്ക് ഹാജരാകണമെന്ന എൻ.എച്ച്.എം മിഷൻ ഡയറ്കടറുടെ വിവാദ ഉത്തരവ്.
സമര സമിതി നേതാവ് എസ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി ഹർഷകുമാറിൻ്റെ അധിക്ഷേപം. സമരത്തിൻ്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിൻ്റെ നേതാവാണ് മിനിയെന്നും ആക്ഷേപം.
തൊഴിലാളി വർഗ്ഗ സമരത്തിനും ഫ്യൂഡൽ പ്രഭുക്കൾക്കെതിരെ നടന്ന ഐതിഹാസികമായ സായുധ വിപ്ലവത്തിനും സർവോപരി സർവസമത്വത്തിനും പടയണി ചേർന്ന ഒരു മഹാപ്രസ്ഥാനത്തിൻ്റെ തൊഴിലാളി സംഘടന നേതാവിൽ നിന്നുള്ള വിഷലിപ്തമായ വാക്കുകൾ കുറ്റകരമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം നാടിനൊപ്പം നിന്നവരെ കറിവേപ്പില വലിച്ചെറിയും പോലെ കണക്കാക്കുകയും ചെയ്യുന്നത് മനുഷ്വതമില്ലാത്തവർക്ക് മാത്രമേ സാധിക്കൂ..
പി.എസ്‌.സി അംഗങ്ങളുടെ ശമ്പള വർധന ഉൾപ്പെടെ അന്യായമായ പല സാമ്പത്തിക വിക്രയങ്ങളും സംസ്ഥാനത്ത് പട്ടാപ്പകൽ സർക്കാർ ആശീർവാദത്തോടെ നടക്കുമ്പോൾ അധ്വാനിച്ചതിന് മാന്യമായ കൂലി ചോദിച്ചവരെ പരസ്യമായിവിചാരണ ചെയ്ത് അപമാനിക്കുന്നത് മാപ്പർഹിക്കാത്ത അപരാധമാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ധൂർത്ത് നടത്താൻ മുന്നേ നടക്കുന്ന ആറാട്ടു മുണ്ടൻമാരെ ജനം തെരുവിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല..

See also  റാഗിങ് ഈ ക്രൂരതയ്ക്ക് തടയിടണം|Taniniram Podcast
- Advertisement -spot_img

More articles

- Advertisement -spot_img

Latest article