“ഫ്യൂസ് ഊരല്ലേ, ഞങ്ങൾ ഇരുട്ടിലായിപ്പോകും .” സർക്കാർ ജീവനക്കാരുടെ ദീനരോദനമാണിത്. വൈദ്യുതി ബില്ല് അടയ്ക്കാത്ത സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഊരുമെന്ന കെ എസ് ഇ ബിയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ മാസം തന്നെ നടപടിക്ക് കെ എസ് ഇ ബി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സർക്കാർ ഓഫിസുകൾ മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഫ്യൂസ് ഊരാൻ അനുമതി തേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സർക്കാർ ആശുപത്രി ഒഴികെ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വൈദ്യുതി വിഛേദിക്കാൻ കെ എസ് ഇ ബി അനുമതി തേടിയത്.
സർക്കാർ നിർദ്ദേശിച്ച എസ്ക്രോ കരാർ പ്രകാരമുള്ള അക്കൗണ്ട് രൂപീകരിക്കാൻ ഇനിയും വിസമ്മതിക്കുകയാണെങ്കിൽ കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയുള്ള ജല അതോറിറ്റിയുടെ വൈദ്യുതി കണക്ഷനുകൾ വിഛേദിക്കാൻ മുൻഗണന നിശ്ചയിക്കാൻ കുടിശ്ശിക നിവാരണ സെല്ലിനെ കെ എസ് ഇ ബി ബോർഡ് ചുമതലപ്പെടുത്തി. ജല അതോറിറ്റിയുടെ കുടിശ്ശിക തീർപ്പാക്കാൻ രണ്ടു സ്ഥാപനങ്ങളുടെയും ധനപരമായ ഇടപാടുകൾക്ക് സർക്കാർ നിർദ്ദേശപ്രകാരമാണ് എസ്ക്രോ കരാർ തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് കെ എസ് ഇ ബി ജല അതോറിറ്റിയുമായി ചർച്ച നടത്തിയെങ്കിലും കരാറുമായി സഹകരിക്കാൻ ജല അതോറിറ്റി തയ്യാറാകാത്തത് സർക്കാരിനെ അറിയിക്കും.
മാസംതോറുമുള്ള വൈദ്യുതി ബില്ലിന് തുല്യമായ തുക എസ്ക്രോ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന രീതിയിൽ കരാർ നടപ്പാക്കാൻ സർക്കാരിന്റെ സഹായം തേടും. നിലവിൽ ജല അതോറിറ്റിയുടെ പ്രതിമാസ വൈദ്യുതി ബിൽ 37 കോടിയോളം രൂപയാണ്. ഭാവിയിൽ നിരക്ക് വർദ്ധിക്കുമ്പോൾ ഈ തുകയും വർദ്ധിക്കുമെന്നാണ് കെ എസ് ഇ ബി പറയുന്നത്.
കേരളീയർക്ക് വെള്ളവും വെളിച്ചവും ഇല്ലാതെ ജീവിക്കേണ്ട ഗതികേടാണ് ഉണ്ടാകാൻ പോകുന്നത്. കെ എസ് ഇ ബിക്കു ഉപഭോക്താക്കളിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ളത് കോടികളാണ്. ഈ തുക പിരിച്ചെടുക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. അതേക്കുറിച്ചും സർക്കാർ അന്വേഷിക്കണം. വൈദ്യുതി ഇല്ലാതെ സർക്കാർ ഓഫീസുകൾക്കു പ്രവർത്തിക്കാനാവില്ല. ഓഫിസുകളെല്ലാം കംപ്യൂട്ടർ വത്കരിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് ഒരു നിമിഷം പോലും ജോലി ചെയ്യാൻ കഴിയില്ലെന്ന് സർക്കാരിനറിയാമല്ലോ. ഈ സാഹചര്യം സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് അതൊഴിവാക്കാൻ കെ എസ് ഇ ബിയും സർക്കാരും ശ്രമിക്കേണ്ടതാണ്.